അർധരാത്രി വനിതാ കോൺഗ്രസ് നേതാക്കളുടെ മുറികളിൽ പോലീസ് പരിശോധന; പാലക്കാട്ട് നാടകീയ രംഗങ്ങൾ

പാലക്കാട് മണ്ഡലത്തിൽ കള്ളപ്പണം കൊണ്ടുവന്നെന്ന് ആരോപിച്ചാണ് വനിതാ കോൺഗ്രസ് നേതാക്കളായ ഷാനിമോൾ ഉസ്‌മാനും ബിന്ദു കൃഷ്‌ണയും താമസിച്ചിരുന്ന ഹോട്ടൽ മുറിയിൽ പോലീസ് അർധരാത്രി പരിശോധന നടത്തിയത്. എന്നാൽ, പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല.

By Senior Reporter, Malabar News
Palakkad Police Raid
Ajwa Travels

പാലക്കാട്: ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പാലക്കാട് മണ്ഡലത്തിൽ കള്ളപ്പണം കൊണ്ടുവന്നെന്ന് ആരോപിച്ച് വനിതാ കോൺഗ്രസ് നേതാക്കൾ താമസിച്ച ഹോട്ടൽ മുറിയിലേക്ക് അർധരാത്രി പോലീസ് ഇടിച്ചുകയറി പരിശോധനക്ക് ശ്രമിച്ചത് പുതിയ രാഷ്‌ട്രീയ വിവാദമായി.

ഇന്നലെ രാത്രി 12.10നാണ് സൗത്ത്, നോർത്ത് പോലീസ് സ്‌റ്റേഷനുകളിൽ നിന്നുള്ള ഉദ്യോഗസ്‌ഥ സംഘം ഹോട്ടലിലെത്തിയത്. വനിതാ ഉദ്യോഗസ്‌ഥരില്ലാതെ എത്തിയ പോലീസ് സംഘത്തെ ആദ്യം തടഞ്ഞു മടക്കി അയച്ചെങ്കിലും അരമണിക്കൂറിന് ശേഷം വനിതാ ഉദ്യോഗസ്‌ഥയെ എത്തിച്ച് പരിശോധന പൂർത്തിയാക്കി. എന്നാൽ, പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല.

ഷാനിമോൾ ഉസ്‌മാൻ താമസിക്കുന്ന മുറിയിലേക്കാണ് സംഘം ആദ്യം എത്തിയത്. മുന്നറിയിപ്പോ വ്യക്‌തതയോ നൽകാതെ പരിശോധന തുടങ്ങി. ഉദ്യോഗസ്‌ഥരിൽ ചിലർ മഫ്‌തിയിൽ ആയിരുന്നതിനാൽ ഷാനിമോൾ ഭയന്ന് മുറിയിൽ നിന്ന് പുറത്തേക്കിറങ്ങി. ഇതിന് പിന്നാലെ ബിന്ദു കൃഷ്‌ണയും ഭർത്താവ് കൃഷ്‌ണകുമാറും താമസിച്ചിരുന്ന മുറിയിലേക്കും ഉദ്യോഗസ്‌ഥർ കയറാൻ ശ്രമിച്ചു.

ഇതോടെ രണ്ടു മുറികളും പൂട്ടി ബിന്ദു കൃഷ്‌ണവും ഷാനിമോളും പുറത്തിറങ്ങി നിന്നും. ഇവരുടെ ആവശ്യപ്രകാരം വനിതാ ഉദ്യോഗസ്‌ഥരെത്തി സാധന സാമഗ്രികളും മറ്റും വലിച്ചിട്ട് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇതിനിടെ, പുറത്ത് സിപിഎം, ബിജെപി നേതാക്കൾ സംഘടിച്ചെത്തി പരിശോധന മറ്റു മുറികളിലേക്ക് നീട്ടണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ചു.

കൂടുതൽ കോൺഗ്രസ് നേതാക്കൾ ഹോട്ടലിന് അകത്തേക്കും എത്തി. ഇതോടെ ഹോട്ടലിൽ വലിയ സംഘർഷാവസ്‌ഥയായി. മാദ്ധ്യമപ്രവർത്തകർക്ക് നേരെയും കയ്യേറ്റ ശ്രമമുണ്ടായി. എംപിമാരായ വികെ ശ്രീകണ്‌ഠ ൻ, ഷാഫി പറമ്പിൽ എന്നിവരും ജ്യോതികുമാർ ചാമക്കാല ഉൾപ്പടെയുള്ള കോൺഗ്രസ് നേതാക്കളും ഹോട്ടലിലേക്ക് എത്തിയെങ്കിലും ഇവരെയും പുറത്തുകാത്തുനിന്ന ബിജെപി, സിപിഎം നേതാക്കളെയും അകത്തേക്ക് കയറ്റിവിട്ടില്ല. ഇത് സംഘർഷാവസ്‌ഥയുണ്ടാക്കി.

എന്നാൽ, തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പതിവ് പരിശോധനയാണ് നടന്നതെന്ന് എസിപി മാദ്ധ്യമങ്ങളോട് പറഞ്ഞു. മുറിയിലെ വസ്‌ത്രങ്ങൾ ഉൾപ്പടെ സാധനങ്ങൾ വലിച്ചുവാരിയിട്ട് പരിശോധന നടത്തിയതായി കോൺഗ്രസ് നേതാക്കളായ ഷാനിമോളും ബിന്ദു കൃഷ്‌ണയും പ്രതികരിച്ചു. രാവിലെ 11ന് എസ്‌പി ഓഫീസിലേക്ക് മാർച്ച് നടത്തുമെന്നും കോൺഗ്രസ് അറിയിച്ചു.

വളരെ മോശമായ കാര്യമാണ് പോലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് ഷാനിമോൾ ഉസ്‌മാൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. മൂന്നര പതിറ്റാണ്ടായി രാഷ്‌ട്രീയത്തിലുണ്ട്‌. സ്‌ത്രീയെന്ന രീതിയിൽ സ്വത്വബോധത്തെ ചോദ്യം ചെയ്‌ത നടപടിയാണുണ്ടായതെന്നും ഷാനിമോൾ പറഞ്ഞു. സ്‌ത്രീകളെന്ന രീതിയിൽ വലിയ അഭിമാനക്ഷതമുണ്ടായതായി ബിന്ദു കൃഷ്‌ണയും മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

Most Read| യുപിയിലെ മദ്രസ വിദ്യാഭ്യാസ ബോർഡ് നിയമം ശരിവെച്ച് സുപ്രീം കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE