കാഞ്ഞങ്ങാട്: കാസർഗോഡ് പാണത്തൂരിൽ വിവാഹ ബസ് വീടിനുമുകളിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ അടിയന്തിര റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം. അപകടത്തെകുറിച്ച് അന്വേഷിക്കാൻ ജില്ലാ കളക്‌ടറോട് ആവശ്യപ്പെട്ടതായി ഗതാഗത മന്ത്രി എകെ ശശീന്ദ്രൻ അറിയിച്ചു. അടിയന്തിര റിപ്പോർട്ട് സമർപ്പിക്കാൻ റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
അതിനിടെ, അപകടത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി. സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും ഗതാഗത മന്ത്രിയും അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവർക്ക് ചികിൽസാ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.
പാണത്തൂർ പരിയാരത്ത് ഞായറാഴ്‌ച ഉച്ചക്ക് 12 മണിയോടെയാണ് നാടിനെ നടുക്കിയ അപകടം നടന്നത്. കർണാടകത്തിലെ ഈശ്വരമംഗലത്ത് നിന്ന് വന്ന ബസ് നിയന്ത്രണം വിട്ട് വീടിന് മുകളിലേക്ക് മറിയുകയായിരുന്നു. അതിർത്തി ഗ്രാമമായ കരിക്ക ചെത്തുകയം എന്ന സ്‌ഥലത്തേക്ക് വന്ന വധുവിന്റെ വീട്ടുകാർ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്.
ബസിന് അടിയിൽ കുടുങ്ങി കിടന്നവരെ ഏറെ പ്രയാസപ്പെട്ടാണ് പുറത്തെടുത്തത്. ബസിൽ 50ലേറെ പേരുണ്ടായിരുന്നു എന്നാണ് പ്രാഥമിക വിവരം. കുറ്റിക്കോൽ, കാഞ്ഞങ്ങാട് എന്നിവിടങ്ങളിൽ നിന്നും അഗ്‌നിരക്ഷാ സേനയും നാട്ടുകാരും പോലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Read also: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു