തിരുവനന്തപുരം: പാപ്പനംകോട് ഇൻഷൂറൻസ് ഓഫീസിലുണ്ടായ തീപിടിത്തത്തിൽ നിർണായകമായ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. തീപിടിത്തത്തിൽ മരിച്ച വൈഷ്‌ണയുടെ ഭർത്താവ് ബിനുകുമാർ ഇൻഷൂറൻസ് ഓഫീസിലെത്തുന്ന സിസിടിവി ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്. സാഹചര്യ തെളിവുകൾ പ്രകാരം ബിനു തന്നെയാണ് വൈഷ്‌ണക്കൊപ്പം മരിച്ചതെന്നാണ് സ്‌ഥിരീകരണം.
കൊലപാതകം നടത്തിയത് ബിനുകുമാർ ആന്നെന്ന് ബലപ്പെട്ടെങ്കിലും, ഔദ്യോഗിക സ്‌ഥിരീകരണത്തിനായി ഡിഎൻഎ ഫലം കാത്തിരിക്കുകയാണ് അന്വേഷണ സംഘം. വൈഷ്‌ണയുടെ രണ്ടാം ഭർത്താവാണ് ബിനു കുമാർ. തോൾ സഞ്ചിയുമായി ഓട്ടോയിൽ ഓഫീസിന് സമീപം ബിനു വന്നിറങ്ങുന്ന സിസിടിവി ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്. ഒരു സുഹൃത്തിനെ വിളിച്ചു പ്രതികാരം തീർക്കാൻ പോകുന്നുവെന്ന തരത്തിൽ ബിനു സംസാരിച്ചതായും മൊഴി ലഭിച്ചിട്ടുണ്ട്.
തോൾ സഞ്ചിയിൽ മണ്ണെണ്ണ കാനുമായാണ് ഇയാൾ വന്നതെന്നാണ് കരുതുന്നത്. കത്തിക്കരിഞ്ഞ മൃതദേഹം ബിനുവിന്റേതാണെന്ന് ഉറപ്പിക്കാൻ ഡിഎൻഎ സാമ്പിൾ ശേഖരിച്ചു. ഇയാളുടെ ചില ബന്ധുക്കൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയെങ്കിലും മൃതദേഹം തിരിച്ചറിയാൻ കഴിഞ്ഞില്ല. പാപ്പനംകോട് ജങ്ഷനിൽ സ്‌ഥിതി ചെയ്യുന്ന ന്യൂ ഇന്ത്യ ഇൻഷൂറൻസ് ഓഫീസിലാണ് ചൊവ്വാഴ്‌ച ഉച്ചയോടെ തീപിടിത്തം ഉണ്ടായത്.
ജീവനക്കാരി പാപ്പനംകോട് ശ്രീരാഗം റോഡിൽ ദിക്കുബലിക്കുളത്തിന് സമീപം ശിവപ്രസാദത്തിൽ വാടകയ്‌ക്ക് താമസിക്കുന്ന വിഎസ് വൈഷ്‌ണയാണ് (34) മരിച്ചത്. വൈഷ്‌ണക്കൊപ്പം ഒരു സ്‌ത്രീ കൂടി മരിച്ചെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോർട്ടുകൾ. എന്നാൽ, അന്വേഷണത്തിന് ശേഷം സംഭവം കൊലപാതകമാണെന്ന് തെളിയുകയായിരുന്നു.
ഇരുനില കെട്ടിടത്തിന്റെ മുകൾ നിലയിലെ ഓഫീസിൽ പൊട്ടിത്തെറിയോടൊപ്പം പുകയും തീയും കണ്ടതോടെ സമീപത്തെ കടകളിൽ ഉള്ളവർ ഇറങ്ങിയോടി. കനത്ത പുക കാരണം ആർക്കും അടുക്കാനായില്ല. അഗ്‌നിരക്ഷാ സേനയെത്തി തീ കെടുത്തിയ ശേഷമാണ് പോലീസ് അകത്ത് കയറി പരിശോധിച്ചത്. രണ്ടു മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിലായിരുന്നു.
ഇതിലൊന്ന് വൈഷ്‌ണയുടേതാണെന്ന് തിരിച്ചറിഞ്ഞു. തീപിടിത്തത്തിന് കാരണം ഷോർട് സർക്യൂട്ടോ എസി പൊട്ടിത്തെറിച്ചതോ ആകാമെന്ന് ആദ്യം സംശയിച്ചെങ്കിലും ഇലക്‌ട്രിക്കൽ ഇൻസ്‌പെക്‌ടറേറ്റ് അധികൃതർ നടത്തിയ പരിശോധനയിൽ വയറിങ്ങിന് തകരാറില്ലെന്ന് വ്യക്‌തമായി. ഇതോടെയാണ് കൊലപാതക സംശയത്തിലേക്ക് പരിശോധന നീണ്ടത്.
ആദ്യ ഭർത്താവുമായി പിരിഞ്ഞു കഴിയുകയായിരുന്ന വൈഷ്‌ണയോടൊപ്പം നാല് വർഷം മുമ്പാണ് പള്ളിച്ചൽ മൊട്ടമൂട് ചെമ്മണ്ണുകുഴി ശിവശക്‌തിയിൽ ബിനുകുമാർ താമസമാരംഭിച്ചതെന്ന് പോലീസ് പറയുന്നു. ഡ്രൈവറായ ബിനു ഉപദ്രവിക്കുന്നത് പതിവായതോടെ ഇയാളുമായും വൈഷ്‌ണ അകന്നുകഴിയുകയായിരുന്നു. ഇയാൾ ഇടയ്‌ക്കിടെ ഓഫീസിലെത്തി വഴക്കിടുന്നത് സംബന്ധിച്ച് ആറുമാസം മുൻപ് വൈഷ്‌ണ നേമം പോലീസിൽ പരാതി നൽകിയിരുന്നു. ആറാം ക്ളാസിൽ പഠിക്കുന്ന മകനും അഞ്ചാം ക്ളാസിൽ പഠിക്കുന്ന മകളുമാണ് വൈഷ്‌ണക്ക് ഉള്ളത്.
Most Read| കിളിമഞ്ചാരോ കീഴടക്കി അഞ്ച് വയസുകാരൻ; ഇന്ത്യക്ക് അഭിമാന റെക്കോർഡ്