തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ ലിഫ്റ്റ് വീണ്ടും പണിമുടക്കി. രോഗിയും ബന്ധുവും ഒരു വനിതാ ഡോക്‌ടറുമാണ് പത്ത് മിനിറ്റോളം ലിഫ്റ്റിൽ കുടുങ്ങിയത്. ഇവരെ പുറത്തെത്തിച്ചു. അത്യാഹിത വിഭാഗത്തിൽ നിന്ന് സിടി സ്‌കാൻ മുറിയിലേക്ക് പോകുന്ന ലിഫ്റ്റാണ് ഇന്ന് ഉച്ചയോടെ പ്രവർത്തനം നിലച്ചത്. സാങ്കേതിക തകരാർ പരിഹരിച്ച ശേഷമാണ് ഇവരെ പുറത്തെത്തിച്ചത്.
മെഡിക്കൽ കോളേജിലെ ലിഫ്റ്റിൽ രണ്ടുദിവസം കുടുങ്ങി കിടന്നയാളെ തിങ്കളാഴ്‌ച രക്ഷപ്പെടുത്തിയതിന് പിന്നാലെയാണ് ഈ സംഭവം. ലിഫ്റ്റിൽ രണ്ടു ദിവസം രോഗി കുടുങ്ങിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ 15 ദിവസത്തിനകം വിശദീകരണം നൽകണമെന്നാണ് നിർദ്ദേശം.
ഇന്ന് ലിഫ്റ്റ് പണിമുടക്കിയപ്പോൾ ഹൗസ് സർജനാണ് രോഗിക്കും ബന്ധുവിനുമൊപ്പം ഉണ്ടായിരുന്നത്. പത്ത് മിനിറ്റോളം മൂന്നുപേരും ലിഫ്റ്റിൽ കുടുങ്ങി. ലിഫ്റ്റ് ഓപ്പറേറ്റർ ഓടിപ്പോയി ടെക്‌നീഷ്യനെ കൊണ്ടുവരികയായിരുന്നു. ഒന്നാം നിലയിൽ കുടുങ്ങിയ ലിഫ്റ്റ് പിന്നീട് താഴെയെത്തിച്ചു. അറ്റകുറ്റപ്പണി ശരിയായി നടത്താത്തതിനാലാണ് ലിഫ്റ്റ് പ്രവർത്തന രഹിതമാകുന്നതെന്ന് ആക്ഷേപമുണ്ട്.
കഴഞ്ഞ ദിവസം ഇത്രയും വലിയ പ്രശ്‌നം ഉണ്ടായിട്ടും ഇന്ന് ഡോക്‌ടറും രോഗിയും കുടുങ്ങിയപ്പോഴും ലിഫ്റ്റ് ഓപ്പറേറ്റർമാർ സ്‌ഥലത്ത് ഉണ്ടായിരുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഉള്ളൂർ സ്വദേശി രവീന്ദ്രൻ നായരാണ് ശനിയാഴ്‌ച ഉച്ചയ്‌ക്ക് 12 മണിയോടെ ലിഫ്‌റ്റിൽ കുടുങ്ങിയത്. ഇദ്ദേഹം ലിഫ്‌റ്റിൽ കുടുങ്ങിയ വിവരം അധികൃതരാരും അറിഞ്ഞില്ല. തുടർന്ന് ഇന്നലെ രാവിലെ ആറുമണിയോടെയാണ് രവീന്ദ്രൻ നായരെ കണ്ടെത്തിയത്.
ശനിയാഴ്‌ച രാവിലെയാണ് രവീന്ദ്രൻ നായർ നടുവേദനയ്‌ക്ക് ചികിൽസ തേടി മെഡിക്കൽ കോളേജിലെ ഓർത്തോ വിഭാഗത്തിൽ എത്തിയത്. ഡോക്‌ടറെ കണ്ടു ചികിൽസയുടെ രേഖകൾ എടുക്കാൻ വേണ്ടി വീട്ടിൽ വന്ന ശേഷം ഇദ്ദേഹം തിരികെ വീണ്ടും ആശുപത്രിയിൽ എത്തി. തുടർന്ന് ഒന്നാം നിലയിലേക്ക് പോകാൻ വേണ്ടി ലിഫ്റ്റിൽ കയറിയ സമയത്താണ് ലിഫ്റ്റ് പ്രവർത്തനരഹിതമായത്. മുകളിലേക്ക് ഉയർന്ന ലിഫ്റ്റിന്റെ പ്രവർത്തനം പെട്ടെന്ന് നിലയ്‌ക്കുകയായിരുന്നു.
Most Read| സംസ്‌ഥാനത്ത് അതിതീവ്ര മഴ; റെഡ് അലർട് പ്രഖ്യാപിച്ചു- ഡാമുകളിൽ മുന്നറിയിപ്പ്