തിരുവനന്തപുരം: മെഡിക്കൽ കോളേജ് ഒപി ബ്ളോക്കിലെ ലിഫ്‌റ്റിൽ രോഗി കുടുങ്ങിയ സംഭവത്തിൽ വീഴ്‌ച പറ്റിയവർക്കെതിരെ ചട്ടപ്രകാരമുള്ള കർശന നടപടികൾ സ്വീകരിക്കുമെന്നും അതിൽ യാതൊരു ദയയും ഉണ്ടാകില്ലെന്നും ആരോഗ്യമന്ത്രി വീണാ ജോർജ്. ചികിൽസയിലുള്ള രവീന്ദ്രൻ നായരെ സന്ദർശിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
രോഗിയുടെ നില തൃപ്‌തികരമാണെന്ന് ഡോക്‌ടർമാർ അറിയിച്ചു. മന്ത്രി വന്നത് തനിക്ക് വലിയ ആശ്വാസമാണെന്ന് രവീന്ദ്രൻ നായർ അറിയിച്ചു. രോഗിയുടെ ബന്ധുക്കളുമായും മന്ത്രി സംസാരിച്ചു. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്. ജോ. ഡയറക്‌ടർ ഡോ. വിശ്വനാഥനും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
സംഭവം ശ്രദ്ധയിൽപ്പെട്ടയുടൻ തന്നെ അടിയന്തിര അന്വേഷണത്തിന് മന്ത്രി ഉത്തരവിട്ടിരുന്നു.
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്‌ടറുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്റെ പ്രാഥമിക അന്വേഷണത്തെ തുടർന്ന് മൂന്ന് ജീവനക്കാരെ സസ്‌പെൻഡ് ചെയ്‌തിരുന്നു. രണ്ട് ലിഫ്റ്റ് ഓപ്പറേറ്റർമാർ, ഡ്യൂട്ടി സർജന്റ് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്‌തത്. ഉള്ളൂർ സ്വദേശി രവീന്ദ്രൻ നായരാണ് ശനിയാഴ്‌ച ഉച്ചയ്‌ക്ക് 12 മണിയോടെ ലിഫ്‌റ്റിൽ കുടുങ്ങിയത്.
ഇദ്ദേഹം ലിഫ്‌റ്റിൽ കുടുങ്ങിയ വിവരം അധികൃതരാരും അറിഞ്ഞില്ല. തുടർന്ന് ഇന്നലെ രാവിലെ ആറുമണിയോടെയാണ് രവീന്ദ്രൻ നായരെ കണ്ടെത്തുന്നത്. രണ്ടു രാത്രിയും ഒരു പകലുമാണ് ഇദ്ദേഹം ലിഫ്റ്റിൽ കുടുങ്ങിയത്. ശനിയാഴ്‌ച രാവിലെയാണ് രവീന്ദ്രൻ നായർ നടുവേദനയ്‌ക്ക് ചികിൽസ തേടി മെഡിക്കൽ കോളേജിലെ ഓർത്തോ വിഭാഗത്തിൽ എത്തിയത്.
ഡോക്‌ടറെ കണ്ടു ചികിൽസയുടെ രേഖകൾ എടുക്കാൻ വേണ്ടി വീട്ടിൽ വന്ന ശേഷം ഇദ്ദേഹം തിരികെ വീണ്ടും ആശുപത്രിയിൽ എത്തി. തുടർന്ന് ഒന്നാം നിലയിലേക്ക് പോകാൻ വേണ്ടി ലിഫ്റ്റിൽ കയറിയ സമയത്താണ് ലിഫ്റ്റ് പ്രവർത്തനരഹിതമായത്. മുകളിലേക്ക് ഉയർന്ന ലിഫ്റ്റിന്റെ പ്രവർത്തനം പെട്ടെന്ന് നിലയ്‌ക്കുകയായിരുന്നു. ലിഫ്റ്റിൽ ഉണ്ടായിരുന്ന അലാം സ്വിച്ച് നിരവധി തവണ അമർത്തിയെങ്കിലും ആരും വന്നില്ല. ലിഫ്റ്റിൽ ഉണ്ടായിരുന്ന ഫോണിൽ ബന്ധപ്പെട്ടെങ്കിലും ആരും ഫോണെടുക്കുകയും ചെയ്‌തില്ല.
കൈയിലുണ്ടായിരുന്ന മൊബൈൽ ഫോൺ നിലത്ത് വീണ് പൊട്ടിയതിനാൽ ആരെയും വിളിക്കാനും രവീന്ദ്രന് സാധിച്ചില്ല. ഇതിനിടെ, രവീന്ദ്രൻ നായരേ കാണാതായതോടെ കുടുംബം മെഡിക്കൽ കോളേജ് പോലീസിൽ പരാതി നൽകി. തുടർന്ന് ഇന്ന് രാവിലെ ഓപ്പറേറ്റർ എത്തി ലിഫ്റ്റ് തുറന്നപ്പോഴാണ് അവശനിലയിൽ കിടക്കുകയായിരുന്ന രവീന്ദ്രൻ നായരെ കണ്ടെത്തിയത്. ലിഫ്റ്റിന് മുന്നേ തകരാർ ഉണ്ടായിരുന്നുവെന്നാണ് ഓപ്പറേറ്റർ പറയുന്നത്. എന്നാൽ, തകരാറിലുള്ള ലിഫ്റ്റിന് മുന്നിൽ മുന്നറിയിപ്പ് ബോർഡ് സ്‌ഥാപിച്ചിരുന്നില്ലെന്നാണ് രവീന്ദ്രന്റെ കുടുംബം ആരോപിച്ചിരുന്നത്.
Most Read| മണ്ണിടിച്ചിൽ; കൊങ്കൺ പാതയിലൂടെയുള്ള ട്രെയിനുകൾ വൈകും, ചിലത് റദ്ദാക്കി