മലപ്പുറം: സ്‌ത്രീ ശാക്‌തീകരണത്തിന്റെ ഭാഗമായി പൊതുജനാവബോധം സൃഷ്‌ടിക്കാൻ 1914 മുതൽ ലോക വ്യാപകമായി ആചരിക്കുന്ന അന്താരാഷ്‌ട്ര വനിതാദിനം പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (പിസിഡബ്ള്യുഎഫ് / PCWF) ആചരിച്ചു.
1857 മാർച്ച്, 8ന്, ന്യൂയോർക്കിലെ തുണിമില്ലുകളിൽ ജോലിചെയ്‌തിരുന്ന ആയിരക്കണക്കിന് സ്‌ത്രീകൾ സംഘടിച്ച് നടത്തിയ സമരവും പ്രക്ഷോഭവുമാണ് വനിതാദിനത്തിന് തുടക്കം കുറിച്ചത്. പിന്നീട് 1910ൽ ലോകവനിതാദിനമെന്ന ആശയം കടന്നുവന്നപ്പോൾ മാർച്ച് 8 ലോകവനിതാദിനമായി നിശ്‌ചയിക്കുകയും ചെയ്‌തു.
1910ൽ കോപ്പൻഹേഗനിൽ നടന്ന രണ്ടാം സോഷ്യലിസ്‌റ്റ് ഇന്റർനാഷണലിന്റെ സമ്മേളനത്തിലാണ് വനിതാദിനം സാർവദേശീയമായി ആചരിക്കണമെന്ന ആവശ്യമുയർന്നത്. പിന്നീട്, 1911 മാർച്ച് എട്ടിന്, അന്താരാഷ്‌ട്രതലത്തിൽ ഈ ദിനം പലരാജ്യങ്ങളിലും ആചരിച്ചു. എന്നാൽ, 1914 മുതലാണ് ലോക വ്യാപകമായി ഈ ദിനം ആചരിക്കാൻ ആരംഭിച്ചത്. എങ്കിലും 1975ലാണ് ഐക്യരാഷ്‌ട്ര സഭ ഔദ്യോഗികമായി മാർച്ച് 8 അന്താരാഷ്‌ട്ര വനിതാദിനമായി പ്രഖ്യാപിച്ചത്.
പൊന്നാനിയിൽ നടന്ന വനിതാ ദിനാചരണത്തിൽ സമൂഹത്തിന്റെ വിവിധശ്രേണിയിൽ നിന്നുള്ള സ്‌ത്രീകൾ പങ്കെടുത്തു. നിരവധി ഉൽപന്നങ്ങൾ സ്വന്തം പ്രയത്‌നഫലമായി തന്റെ വീട്ടിലിരുന്ന് തയ്യാറാക്കി വിപണിയിലെത്തിച്ച് കുടുംബം പോറ്റുന്ന എവർ ഗ്രീൻ ജോ. കൺവീനറായ എകെ റാഫിന ശിഹാബിനെ ശ്രേഷ്‌ഠ സംരംഭക വനിതാ പുരസ്‌കാരം നൽകി പിസിഡബ്ള്യുഎഫ് ആദരിച്ചു.

നിളാപാതയോരത്തെ പൊന്നാനി ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് കരിയര്‍ സ്‌റ്റഡീസ് ആന്റ് റിസര്‍ച്ചിന്റെ (ഐസിഎസ്ആർ) ഹാളിൽ നടന്ന ചടങ്ങ് ജില്ലാ വ്യവസായ ഡപ്യൂട്ടി ഡയറക്‌ടർ സ്‌മിത പി ഉൽഘാടനം നിർവഹിച്ചു. കോസ്‌റ്റൽ പോലീസ് സിവിൽ പോലീസ് ഓഫീസർ ഖമറുന്നിസ മുഖ്യാതിഥിയായിരുന്നു.
പ്രസിഡണ്ട് ടി മുനീറ അധ്യക്ഷത വഹിച്ച ചടങ്ങിൽ പി കോയക്കുട്ടി മാസ്‌റ്റർ, ബീക്കുട്ടി ടീച്ചർ, ശാരദ ടീച്ചർ, പിഎം അബ്‌ദുട്ടി, ടിവി സുബൈർ, ഹനീഫ മാളിയേക്കൽ തുടങ്ങിയവർ സംബന്ധിച്ചു. എസ് ലതാ വിജയൻ സ്വാഗതവും, മാലതി വട്ടംകുളം നന്ദിയും പറഞ്ഞു.
DON’T MISS IT | ഓണ്‍ലൈന്‍ മാദ്ധ്യമ പ്രവർത്തനമറവിൽ ബ്‌ളാക്‌മെയിലിങ്; പരാതിയുമായി കോംഇന്ത്യ