ന്യൂഡെൽഹി: പെഗാസസ് ഫോൺ ചോർത്തൽ വിഷയം സുപ്രീം കോടതി ഇന്ന് പരിഗണിക്കും. എന്നാൽ ചാര സോഫ്റ്റ്‌വെയർ ഉപയോഗിച്ചോ എന്നതിൽ കേന്ദ്രസർക്കാർ ഇതുവരെ മറുപടി സമർപ്പിച്ചിട്ടില്ല. അധിക സത്യവാങ്മൂലം സമർപ്പിക്കുമോയെന്ന കാര്യത്തിൽ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഇന്ന് കോടതിയെ നിലപാട് അറിയിച്ചേക്കും.
ഫോൺ ചോർത്തലിൽ അന്വേഷണം ആവശ്യപ്പെട്ട് രാജ്യസഭാ എംപി ജോണ്‍ ബ്രിട്ടാസ് ഉൾപ്പെടെ സമർപ്പിച്ച പന്ത്രണ്ട് പൊതുതാൽപര്യ ഹരജികൾ ചീഫ് ജസ്‌റ്റിസ് എൻവി രമണ അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുന്നത്. രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരസ്യമാക്കാൻ കഴിയില്ലെന്നും, വിദഗ്‌ധ സമിതി രൂപീകരിക്കാമെന്നുമാണ് കേന്ദ്രം നേരത്തെ നിലപാട് വ്യക്‌തമാക്കിയത്.
എല്ലാ വസ്‌തുതകളും സമിതിക്ക് മുന്നിൽ സമർപ്പിക്കാമെന്നും അറിയിച്ചിരുന്നു. രാജ്യസുരക്ഷയെ ബാധിക്കുന്ന വിവരങ്ങൾ കോടതി പുറത്തുവിടാൻ പോകുന്നില്ലെന്നും, ഉന്നത വ്യക്‌തികളുടെ അടക്കം ഫോൺ ചോർത്തൽ ആരോപണത്തിൽ അധികൃതർക്ക് മറുപടി നൽകുന്നതിൽ എന്താണ് പ്രശ്‌നമെന്നും കോടതി ചോദിച്ചിരുന്നു.
Read Also: ന്യൂനമർദ്ദം ശക്‌തി പ്രാപിക്കുന്നു; ഇന്ന് കനത്ത മഴയ്‌ക്ക് സാധ്യത