ഭോപ്പാൽ: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സമയത്ത് അശാസ്ത്രീയ വാദവുമായി മധ്യപ്രദേശ് ബിജെപി മന്ത്രി ഉഷ താക്കൂര്‍. ഇന്ത്യയിൽ നിന്ന് കൊറോണ വൈറസിനെ തുരത്താൻ യാഗം നടത്തിയാൽ മതിയെന്നാണ് ഉഷ താക്കൂറിന്റെ വാദം.
“നമ്മുടെ അന്തരീക്ഷത്തെ ശുദ്ധീകരിക്കാന്‍ നാലു ദിവസം നീണ്ടു നില്ക്കുന്ന യാഗം നടത്തണം. ‘യാഗ്ന ചികിൽസ’ എന്നാണ് ഇതറിയപ്പെടുന്നത്. നമ്മുടെ പൂര്‍വികര്‍ മഹാമാരിയെ തടുക്കാന്‍ ഇതൊക്കെയാണ് ചെയ്തിരുന്നത്. ഇങ്ങനെ ചെയ്താൽ പിന്നെ കൊറോണയൊക്കെ ഇന്ത്യയില്‍ നിന്ന് പമ്പ കടക്കും,”- എന്നിങ്ങനെയാണ് ഉഷ താക്കൂറിന്റെ പ്രസ്താവന.
ഇതിന് മുൻപും ഉഷ താക്കൂർ ഇത്തരം വിവാദ പരാമർശം നടത്തിയിരുന്നു. കോവിഡ് വ്യാപനം തടയാന്‍ ഇന്‍ഡോര്‍ വിമാനത്താവളത്തിൽ ഇവർ പൂജ നടത്തിയിരുന്നു. മാസ്കോ സാമൂഹിക അകലമോ പാലിക്കാതെയാണ് ഇവര്‍ പൂജ നടത്തിയത്. ഇന്‍ഡോറിലെ ദേവി അഹല്യാഭായി വിമാനത്താവളത്തിലാണ് മന്ത്രിയും സംഘവും പൂജ നടത്തിയത്. വിമാനത്താവള ജീവനക്കാരും ഇവരോടൊപ്പം ചടങ്ങില്‍ പങ്കെടുത്തിരുന്നു.
Also Read: കൊവാക്സിൻ കുട്ടികളിൽ പരീക്ഷിക്കാൻ അനുമതി







































