കാസർഗോഡ്: പെരിയ ഇരട്ടക്കൊലപാതക കേസിൽ സിപിഎം പ്രാദേശിക നേതാക്കളെ സിബിഐ ചോദ്യം ചെയ്ത് വിട്ടയച്ചു. സിപിഎം പാക്കം ലോക്കൽ സെക്രട്ടറി രാഘവൻ വെളുത്തോളിയെയും സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള പനയാൽ സഹകരണ ബാങ്ക് സെക്രട്ടറി കെവി ഭാസ്കരനെയുമാണ് സിബിഐ മണിക്കൂറുകളോളം ചോദ്യം ചെയ്ത് വിട്ടയച്ചത്. കൂടുതൽ നേതാക്കളെ തേടി സിബിഐ അടുത്ത ദിവസങ്ങളിൽ എത്തുമെന്നാണ് സൂചന.
ഡിവൈഎസ്പി അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് രാഘവൻ വെളുത്തോളിയെ ചോദ്യം ചെയ്തത്. ഇദ്ദേഹത്തെ നാലര മണിക്കൂറോളം ചോദ്യം ചെയ്ത് വിവരങ്ങൾ ശേഖരിച്ചു. ആവശ്യമെങ്കിൽ ഇനിയും വിളിപ്പിക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചിട്ടുണ്ട്. കെവി ഭാസ്കരനെ ചോദ്യം ചെയ്യലും മണിക്കൂറുകളോളം നീണ്ടു.
കൊലപാതകം നടന്ന രാത്രി സിപിഎം ശക്തി കേന്ദ്രമായ പാക്കം ചെറൂട്ടയില്‍ പ്രതികളെ എത്തിച്ച വാഹനം ആളൊഴിഞ്ഞ പ്രദേശത്ത് നിര്‍ത്തിയിട്ടിരുന്നു. രണ്ടാം പ്രതി സജി ജോർജിന്റെ വാഹനമായിരുന്നു ഇത്. പിറ്റേന്ന് ഇവിടെ നിന്ന് വാഹനം കടത്തിക്കൊണ്ട് പോകാൻ ശ്രമിക്കുന്നതിനിടെ പോലീസ് കസ്റ്റഡിയിലെടുത്ത സജി ജോര്‍ജിനെ പോലീസ് വാഹനത്തില്‍ നിന്ന് ബലമായി ഇറക്കിക്കൊണ്ട് പോയവരില്‍ പ്രധാനികളാണ് രാഘവൻ വെളുത്തോളിയും കെവി ഭാസ്കരനും. ഇതിന്റെ അടിസ്ഥാനത്തിലാണ് സിബിഐ ഇരുവരെയും ചോദ്യം ചെയ്തത്.
Also Read: രാമനാട്ടുകര സ്വർണകവർച്ചാ ശ്രമം; സജേഷിനെ ഡിവൈഎഫ്ഐ പുറത്താക്കി







































