കൊച്ചി: കേരളത്തെ നടുക്കിയ കാസർഗോഡ് പെരിയ ഇരട്ടക്കൊലക്കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ 14 പ്രതികളുടെ ശിക്ഷാ വിധി ഇന്ന്. എറണാകുളം സിബിഐ പ്രത്യേക കോടതിയാണ് ശിക്ഷ വിധിക്കുകയാണ്. വിചാരണ നേരിട്ട 24 പ്രതികളിൽ 14 പേർ കുറ്റം ചെയ്‌തതായി കോടതി കണ്ടെത്തിയിരുന്നു.
കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ഒന്ന് മുതൽ എട്ട് വരെ പ്രതികൾക്കെതിരെ കൊലക്കുറ്റം തെളിഞ്ഞു. പത്ത് പ്രതികളെ കുറ്റവിമുക്‌തരാക്കി. 2019 ഫെബ്രുവരി 17ന് രാത്രി ആണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ പെരിയ കല്ല്യോട്ട് ശരത് ലാലിനെയും (23), കൃപേഷിനേയും (19) രാഷ്‌ട്രീയ വൈരാഗ്യം മൂലം വെട്ടിക്കൊലപ്പെടുത്തിയത്.
കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയ 14 പ്രതികളിൽ ഒന്ന് മുതൽ എട്ട് വരെ പ്രതികൾ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരാണ്. ഒന്നാംപ്രതി എ പീതാംബരൻ, രണ്ടാംപ്രതി സിജെ സജി, മൂന്നാംപ്രതി കെഎം സുരേഷ്, നാലാംപ്രതി കെ അനിൽകുമാർ, അഞ്ചാംപ്രതി ജിജിൻ, ആറാം പ്രതി ശ്രീരാഗ്, ഏഴാംപ്രതി എ അശ്വിൻ, ഏട്ടാംപ്രതി സുബിൻ എന്നിവർക്കാണ് കൊലപാതകത്തിൽ നേരിട്ട് പങ്കുള്ളത്.
പത്താം പ്രതി ടി രഞ്‌ജിത്, 14ആം പ്രതി കെ മണികണ്‌ഠൻ, 15ആം പ്രതി വിഷ്‌ണു സുര, 20ആം പ്രതി കെവി കുഞ്ഞിരാമൻ, 21ആം പ്രതി രാഘവൻ വെളുത്തോളി, 22ആം പ്രതി കെവി ഭാസ്‌കരൻ എന്നിവരെ കോടതി കുറ്റക്കാരെന്നും കണ്ടെത്തി. ഇവർക്കെതിരെ തെളിവ് നശിപ്പിക്കൽ, പ്രതികളെ രക്ഷപ്പെടാൻ സഹായിക്കൽ, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് തെളിഞ്ഞിട്ടുള്ളത്.
ആദ്യം ലോക്കൽ പോലീസും പിന്നീട് ക്രൈം ബ്രാഞ്ചും അന്വേഷിച്ച കേസിൽ ആദ്യം 14 പേരെ ക്രൈം ബ്രാഞ്ചും കെവി കുഞ്ഞിരാമൻ ഉൾപ്പടെ പത്തുപേരെ സിബിഐയുമാണ് അറസ്‌റ്റ് ചെയ്‌തത്. ഒന്നാംപ്രതി പീതാംബരനടക്കം 11 പ്രതികൾ അഞ്ചര വർഷത്തിലേറെയായി ജുഡീഷ്യൽ കസ്‌റ്റഡിയിലാണ്.
ശരത് ലാലിന്റെയും കൃപേഷിന്റേയും കുടുംബം നടത്തിയ നിയമപോരാട്ടത്തെ തുടർന്ന് കേസ് സുപ്രീം കോടതി സിബിഐക്ക് കൈമാറുകയായിരുന്നു. സിബിഐ അന്വേഷണത്തിൽ പത്ത് സിപിഎം പ്രവർത്തകരെ കൂടി പ്രതിചേർത്തു. ഇതിൽ അഞ്ചുപേർ 2021 ഡിസംബറിൽ അറസ്‌റ്റിലായി. ഇവരിപ്പോൾ കാക്കനാട് ജയിലിലാണ്.
കെവി കുഞ്ഞിരാമൻ ഉൾപ്പടെ അഞ്ചുപേർ ജാമ്യമെടുത്തു. 2023 ഫെബ്രുവരിയിൽ ആരംഭിച്ച വിചാരണ ഒരുവർഷവും എട്ട് മാസവും പിന്നിട്ടാണ് പൂർത്തിയാക്കിയത്. 250ഓളം സാക്ഷികളുണ്ടായിരുന്ന കേസിൽ പ്രോസിക്യൂഷൻ 154 സാക്ഷികളെ വിസ്‌തരിച്ചു. 1300ഓളം പേജുള്ള കുറ്റപത്രമാണ് സിബിഐ കോടതിയിൽ സമർപ്പിച്ചത്.
Most Read| ഇത് ലോകത്തെ ഏറ്റവും വിലകൂടിയ ബിരിയാണി! 14,000 കിലോയോളം ഭാരം