കാസർഗോഡ്: പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന കൃപേഷിനേയും ശരത് ലാലിനെയും കൊലപ്പെടുത്തിയ കേസിൽ വിധി ഇന്ന്. എറണാകുളം പ്രത്യേക സിബിഐ കോടതിയാണ് വിധി പറയുക. വിധി എന്താകുമെന്ന ആകാംക്ഷയിലാണ് കല്ല്യോട്ട് ഗ്രാമം. വരും ദിവസങ്ങളിൽ രാഷ്‌ട്രീയ ചർച്ചയ്‌ക്കും വാദപ്രതിവാദത്തിലേക്ക് എത്തിയേക്കാവുന്ന വിധിയെ എല്ലാ രാഷ്‌ട്രീയ പാർട്ടിക്കാരും ഒരുപോലെ ഉറ്റുനോക്കുകയാണ്.
സിപിഎം നേതാക്കളാണ് കേസിലെ പ്രതികൾ. മുൻ എംഎൽഎയും സിപിഎം കാസർഗോഡ് ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ കെവി കുഞ്ഞിരാമൻ, സിപിഎം ഉദുമ ഏരിയ സെക്രട്ടറി കെഎം മണികണ്‌ഠൻ, പെരിയ ലോക്കൽ സെക്രട്ടറി ബാലകൃഷ്‌ണൻ, മുൻ പാക്കം ലോക്കൽ സെക്രട്ടറി രാഘവൻ വെളുത്തോളി എന്നിവരുൾപ്പടെ 24 പ്രതികളാണ് കേസിലുള്ളത്.
മുൻ ലോക്കൽ കമ്മിറ്റി അംഗം പി പീതാംബരനാണ് കേസിലെ ഒന്നാംപ്രതി. കെവി കുഞ്ഞിരാമൻ 20ആം പ്രതിയാണ്. എ പീതാംബരൻ ഉൾപ്പടെ 14 പേരെ ക്രൈം ബ്രാഞ്ചും കെവി കുഞ്ഞിരാമൻ ഉൾപ്പടെ പത്തുപേരെ സിബിഐയുമാണ് അറസ്‌റ്റ് ചെയ്‌തത്. 2019 ഫെബ്രുവരി 17ന് രാത്രി കല്യോട് കൂരാങ്കര റോഡിലാണ് ശരത് ലാലും കൃപേഷും വെട്ടേറ്റ് മരിച്ചത്.
ആദ്യം ലോക്കൽ പോലീസും പിന്നീട് ക്രൈം ബ്രാഞ്ചും അന്വേഷിച്ച കേസിൽ ആദ്യം 14 പേരെ പ്രതികളാക്കുകയും 11 സിപിഎം പ്രവർത്തകരെ അറസ്‌റ്റ് ചെയ്യുകയും ചെയ്‌തു. ഒന്നാംപ്രതി പീതാംബരനടക്കം 11 പ്രതികൾ അഞ്ചര വർഷത്തിലേറെയായി ജുഡീഷ്യൽ കസ്‌റ്റഡിയിലാണ്. ശരത് ലാലിന്റെയും കൃപേഷിന്റേയും കുടുംബം നടത്തിയ നിയമപോരാട്ടത്തെ തുടർന്ന് കേസ് സുപ്രീം കോടതി സിബിഐക്ക് കൈമാറുകയായിരുന്നു.
സിബിഐ അന്വേഷണത്തിൽ പത്ത് സിപിഎം പ്രവർത്തകരെ കൂടി പ്രതിചേർത്തു. ഇതിൽ അഞ്ചുപേർ 2021 ഡിസംബറിൽ അറസ്‌റ്റിലായി. ഇവരിപ്പോൾ കാക്കനാട് ജയിലിലാണ്. കെവി കുഞ്ഞിരാമൻ ഉൾപ്പടെ അഞ്ചുപേർ ജാമ്യമെടുത്തു. 2023 ഫെബ്രുവരിയിൽ ആരംഭിച്ച വിചാരണ ഒരുവർഷവും എട്ട് മാസവും പിന്നിട്ടാണ് പൂർത്തിയാക്കിയത്. 250ഓളം സാക്ഷികളുണ്ടായിരുന്ന കേസിൽ പ്രോസിക്യൂഷൻ 154 സാക്ഷികളെ വിസ്‌തരിച്ചു. 1300ഓളം പേജുള്ള കുറ്റപത്രമാണ് സിബിഐ കോടതിയിൽ സമർപ്പിച്ചത്.
വിധി വരുന്ന പശ്‌ചാത്തലത്തിൽ പെരിയയിലും കലയോടും പോലീസ് കാവൽ ശക്‌തമാക്കി. കല്ല്യോട്ട്, മേലെ കല്ല്യോട്ട്, ഏച്ചിലടുക്കം എന്നിവിടങ്ങളിൽ പോലീസ് ഇന്നലെ റൂട്ട് മാർച്ച് നടത്തി. കോൺഗ്രസ്, സിപിഎം നേതാക്കളെ വെവ്വേറെ വിളിച്ചു പോലീസ് ചർച്ച നടത്തി. പെരിയ മുതൽ കല്ല്യോട്ട് വരെയുള്ള എല്ലാ ഇടങ്ങളിലും പോലീസ് നിരീക്ഷണം ശക്‌തമാക്കിയിട്ടുണ്ട്.
Most Read| ഓരോ ആറുമണിക്കൂറിലും ഒരു ഇന്ത്യക്കാരനെ വീതം നാടുകടത്തി യുഎസ്; ആശങ്ക