തിരുവനന്തപുരം: ബാർ കോഴക്കേസിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കും അനധികൃത സ്വത്ത് സമ്പാദന കേസിൽ കെഎം ഷാജി എംഎൽഎക്കും എതിരെ വിജിലൻസ് അന്വേഷണം നടത്താൻ സ്‌പീക്കറുടെ അനുമതി. ബിജു രമേശിന്റെ വെളിപ്പെടുത്തലിന്റെ അടിസ്‌ഥാനത്തിലാണ് ചെന്നിത്തലക്ക് എതിരെ അന്വേഷണം നടത്താൻ അനുമതി നൽകിയിരിക്കുന്നത്.
ഒരു കോടി രൂപ ചെന്നിത്തലക്ക് കോഴ നല്‍കി എന്നായിരുന്നു ബിജു രമേശിന്റെ വെളിപ്പെടുത്തൽ. ഇതിൽ ചെന്നിത്തലക്ക് എതിരെ അന്വേഷണം നടത്താൻ ആദ്യം ഗവര്‍ണറുടെ അനുമതി തേടാനായിരുന്നു സര്‍ക്കാരിന്റെ തീരുമാനം. എന്നാല്‍ സംഭവം നടക്കുമ്പോള്‍ ചെന്നിത്തല മന്ത്രി അല്ലായിരുന്നു എന്നതിനാല്‍ ആ നീക്കം ഉപേക്ഷിച്ചു. പകരം സ്‌പീക്കറുടെ അനുമതി തേടുകയായിരുന്നു.
അതേസമയം, ബിജു രമേശിനെതിരെ ചെന്നിത്തല വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ട്. തനിക്കെതിരെയുള്ള അപകീർത്തികരമായ പരാമർശങ്ങൾ പിൻവലിച്ച് മാപ്പു പറയണം എന്നാണ് നോട്ടീസിലെ ആവശ്യം. മുൻ പ്രോസിക്യൂട്ടർ ജനറൽ അഡ്വ. അസഫ് അലി മുഖേനയാണ് നോട്ടീസ് അയച്ചത്.
50 വര്‍ഷമായി രാഷ്‌ട്രീയ പ്രവര്‍ത്തനം നടത്തിവരുന്ന തനിക്ക് ബിജു രമേശിന്റെ വാസ്‌തവ വിരുദ്ധമായ പ്രസ്‌താവന ഉണ്ടാക്കിയ മാനഹാനിയുടെ വില തിട്ടപ്പെടുത്താവുന്നതിലും അപ്പുറത്താണ്. പ്രസ്‌തുത പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് മാപ്പു പറഞ്ഞില്ലെങ്കില്‍ സിവില്‍ ആയും ക്രിമിനലായും കേസ് ഫയല്‍ ചെയ്യുമെന്നും നോട്ടീസില്‍ പറയുന്നു.
Also Read: കെബി ഗണേഷ് കുമാർ എംഎൽഎയുടെ വീട്ടിൽ പോലീസ് റെയ്‌ഡ്