പെട്ടിമുടി : പെട്ടിമുടി ഉരുള്‍പൊട്ടലില്‍ വീടും വാസസ്ഥലവും നഷ്ടമായ തൊഴിലാളികള്‍ക്ക് ഭൂമി പതിച്ചു നല്‍കണമെന്ന ആവശ്യവുമായി തൊഴിലാളികള്‍ സമരത്തില്‍. ദുരന്തമുണ്ടായി ഒരാഴ്ചക്കകം തന്നെ പുനരധിവാസം ഉറപ്പുവരുത്തുമെന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നു. ഇതിന്റെ ഭാഗമായി തൊഴിലാളി കുടുംബങ്ങള്‍ക്ക് ഒരേക്കര്‍ ഭൂമി പതിച്ചു നല്‍കണമെന്നാണ് ആവശ്യം. പൊമ്പിളൈ ഒരുമൈ നേതാവായിരുന്ന ഗോമതിയുടെ നേതൃത്വത്തിലാണ് തൊഴിലാളികള്‍ സമരം ചെയ്യുന്നത്.
അപകടത്തില്‍ പെട്ടവരുടെ പുനഃരധിവസത്തിനായി തോട്ടം ഉടമകളുമായി ചര്‍ച്ച ചെയ്ത് ഒരാഴ്ചക്കകം വീടുകള്‍ നിര്‍മ്മിക്കാനുള്ള തീരുമാനം എടുക്കുമെന്നാണ് സര്‍ക്കാര്‍ നല്കിയ ഉറപ്പ്. ഇത് പ്ലാന്റേഷന്റെ ഭൂമിയില്‍ ആകരുത് എന്ന നിലപാടിലാണ് ഇപ്പോള്‍ തൊഴിലാളികള്‍. പ്ലാന്റേഷന് ഭൂമിയില്‍ നിര്‍മ്മിച്ചാല്‍ കണ്ണന്‍ദേവന്‍ കമ്പനിക്കായിരിക്കും അതിന്റെ ഉടമസ്ഥാവകാശം. അതിനാല്‍ കമ്പനിയില്‍ നിന്നും പിരിഞ്ഞു പോകുമ്പോള്‍ ലയങ്ങളില്‍ നിന്ന് ഒഴിഞ്ഞു കൊടുക്കുന്ന പോലെ വീടുകളില്‍ നിന്നും ഒഴിഞ്ഞു കൊടുക്കേണ്ടി വരും. അതിനാലാണ് തൊഴിലാളികള്‍ ഒരേക്കര്‍ ഭൂമി പതിച്ചു നല്‍കണമെന്ന ആവശ്യവുമായി ഇപ്പോള്‍ മുന്നോട്ട് വന്നിട്ടുള്ളത്.
തങ്ങളുടെ ആവശ്യങ്ങളില്‍ അനുകൂല നിലപാട് ഉണ്ടായില്ലെങ്കില്‍ തൊഴിലാളികള്‍ക്ക് ഒപ്പം ആദിവാസി സംഘടനകളെയും സ്ത്രീ കൂട്ടായ്മകളെയും ചേര്‍ത്ത് സമരം ശക്തമാക്കാനാണ് ഇവരുടെ ഇപ്പോഴത്തെ തീരുമാനം.
ഉരുള്‍പൊട്ടലില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ സംഘം 19 ദിവസത്തെ തിരച്ചിലിനൊടുവില്‍ പെട്ടിമുടിയില്‍ നിന്നും മടങ്ങി. 93 ശതമാനം ആളുകളെയും കണ്ടെത്തി. 5 പേരെയാണ് ഇനിയും കണ്ടെത്താന്‍ ഉണ്ടായിരുന്നത്. ഉരുള്‍പൊട്ടലില്‍ 12 പേരെ രക്ഷപെടുത്തിയിരുന്നു. കാണാതായ 70 പേരില്‍ 65 ആളുകളുടെ മൃതദേഹവും കണ്ടെടുത്തു. പ്രതികൂല കാലാവസ്ഥയും, വന്യജീവികളുടെ സാനിധ്യവുമൊക്കെ വകവയ്ക്കാതെയാണ് ദൗത്യസംഘം തിരച്ചില്‍ നടത്തിയത്. മഴയുടെ ശക്തി കുറഞ്ഞ് കന്നിയാറിലെ ജലനിരപ്പ് താഴ്ന്നാല്‍ ഒരാഴ്ചക്ക് ശേഷം കാണാതായവര്‍ക്കായി വീണ്ടും ഒരുവട്ടം കൂടി തിരച്ചില്‍ നടത്താനാണ് ജില്ലാഭരണകൂടത്തിന്റെ തീരുമാനം.






































