പാലക്കാട്: ജില്ലയിലെ സിപിഎം വിഭാഗീയതയിൽ നേതാക്കൾക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വിഭാഗീയ ശ്രമങ്ങളെ ഒരുതരത്തിലും അംഗീകരിക്കില്ലെന്ന് അദ്ദേഹം പാലക്കാട് ജില്ലാ സമ്മേളനത്തിൽ പറഞ്ഞു. പാർട്ടിയിൽ ചില നേതാക്കൾ തുരുത്തുകൾ സൃഷ്‌ടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അത്തരം തുരുത്തുകൾക്ക് കൈകാലുകൾ മുളക്കുന്നതും കാണുന്നു. വിഭാഗീയത ആവർത്തിച്ചാൽ പാർട്ടി പാർട്ടിയുടെ വഴിയെ പോകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. സംഘടനാ റിപ്പോര്‍ട്ടിനുള്ള മറുപടി പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
വിഭാഗീയത ആവർത്തിച്ചാൽ കർശന നടപടിയുണ്ടാകും. സംസ്‌ഥാന തലത്തിൽ വിഭാഗീയത പൂർണമായും ഒഴിവാക്കാൻ കഴിഞ്ഞുവെന്നും പിണറായി വിജയൻ പറഞ്ഞു. സംസ്‌ഥാനത്ത് ഏറ്റവുമധികം പ്രാദേശിക വിഭാഗീയത നിലനിന്ന സമ്മേളനങ്ങളായിരുന്നു പാലക്കാട് ജില്ലയിലേത്.
15 ഏരിയാ കമ്മിറ്റികളില്‍ ഒന്‍പത് ഇടത്ത് മൽസരം നടന്നു. ഇതെല്ലാം തന്നെ സംസ്‌ഥാന നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. മാത്രമല്ല രണ്ട് ലോക്കല്‍ സമ്മേളനങ്ങള്‍ വിഭാഗീയതയും പ്രശ്‌നങ്ങളും മൂലം നിര്‍ത്തിവെക്കേണ്ടിയും വന്നിരുന്നു.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടന്ന പൊതു ചര്‍ച്ചയിലും പ്രവർത്തന റിപ്പോർട്ടിലും വിഭാഗീയ പ്രവർത്തനത്തെക്കുറിച്ച് പരാമർശമുണ്ടായിരുന്നു. ഇതേത്തുടർന്നാണ് സംഘടനാ റിപ്പോര്‍ട്ടിനുള്ള മറുപടി പ്രസംഗത്തിൽ പിണറായി വിജയന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും സമ്മേളന പ്രതിനിധികൾക്കും ശക്‌തമായ മുന്നറിപ്പ് നല്‍കിയത്.
Most Read: ഒമൈക്രോൺ; ജാഗ്രത പാലിക്കാൻ സംസ്‌ഥാനങ്ങൾക്ക് കേന്ദ്ര നിർദ്ദേശം








































