കൊച്ചി: പിങ്ക് പോലീസ് കുട്ടിയെ അപമാനിച്ച സംഭവത്തിൽ പെണ്‍കുട്ടിക്ക് നഷ്‌ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്. ഒന്നര ലക്ഷം രൂപയാണ് സര്‍ക്കാര്‍ നല്‍കേണ്ടത്. 25000 രൂപ കോടതി ചെലവും നല്‍കണം. ഉദ്യോഗസ്‌ഥക്കെതിരെ നടപടി എടുക്കണമെന്ന് ജില്ലാ പോലീസ് മേധാവിക്ക് കോടതി നിര്‍ദേശം നല്‍കി.
നഷ്‌ടപരിഹാരം നൽകാനാകില്ല എന്നായിരുന്നു സർക്കാർ നേരത്തെ കോടതിയെ അറിയിച്ചിരുന്നത്. കുട്ടിക്ക് മൗലികാവകാശ ലംഘനം ഉണ്ടായിട്ടില്ലെന്നും ഉദ്യോഗസ്‌ഥയ്‌ക്ക് എതിരെ പരമാവധി നടപടി സ്വീകരിച്ചെന്നും സർക്കാർ കോടതിയിൽ വ്യക്‌തമാക്കിയിരുന്നു.
എന്നാൽ സ്‌ഥലംമാറ്റം ശിക്ഷയല്ലെന്നും അച്ചടക്ക നടപടി വൈകുന്നത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. ഉദ്യോഗസ്‌ഥയെ വെള്ളപൂശാനാണ് പോലീസ് ശ്രമിക്കുന്നതെന്ന് കോടതി കുറ്റപ്പെടുത്തി. ഡിജിപി ഈ ഉദ്യോഗസ്‌ഥയെ ഇങ്ങനെ സംരക്ഷിക്കാൻ ശ്രമിച്ചാൽ അത് അവർക്ക് ദോഷം ചെയ്യുമെന്നും കോടതി മുന്നറിയിപ്പ് നൽകി. പോലീസ് ഉദ്യോഗസ്‌ഥ ഭീഷണിപ്പെടുത്തുന്ന രീതിയിൽ പെരുമാറിയ ശേഷം കുട്ടി കരഞ്ഞില്ല എന്ന് സംസ്‌ഥാന ഡിജിപിയുടെ റിപ്പോർട്ടിൽ പറയുന്നത് ആരെ സംരക്ഷിക്കാൻ ആണെന്ന് കോടതി ചോദിച്ചു
ക്രമസമാധാന ചുമതലയില്‍ നിന്ന് ഉദ്യോഗസ്‌ഥയെ മാറ്റി നിര്‍ത്തണമെന്നും പൊതുജനങ്ങളോട് എങ്ങനെ പെരുമാറണം എന്നതിന് ഉദ്യോഗസ്‌ഥക്ക് പരിശീലനം നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
ഓഗസ്‌റ്റ് 27നായിരുന്നു കേസിനാസ്‌പദമായ സംഭവം. തിരുവനന്തപുരം ആറ്റിങ്ങലിൽ എട്ട് വയസുകാരിയെയും അച്ഛനെയും മൊബൈൽ ഫോൺ മോഷ്‌ടിച്ചെന്ന് ആരോപിച്ച് പിങ്ക് പോലീസ് ഉദ്യോഗസ്‌ഥ അപമാനിക്കുകയായിരുന്നു. തുടർന്ന് ഉദ്യോഗസ്‌ഥയുടെ മൊബൈല്‍ ഫോണ്‍ പോലീസ് വാഹനത്തില്‍ നിന്നുതന്നെ ലഭിച്ചു. മൊബൈല്‍ കണ്ടെത്തിയിട്ടും ഇവര്‍ മാപ്പ് പറയാന്‍ പോലും തയ്യാറായിരുന്നില്ല.
Read also: പിടി തോമസിന്റെ വിയോഗം; രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ പരിപാടികൾ റദ്ദാക്കി







































