മലപ്പുറം: മാലിന്യ മുക്‌ത നവകേരളം പദ്ധതിയുടെ ഭാഗമായി ജില്ലയിൽ നിരോധിത പ്‌ളാസ്‌റ്റിക് ഉൽപന്നങ്ങൾക്കെതിരെ നടപടി കർശനമാക്കാൻ ജില്ലാ ഭരണകൂടവും തദ്ദേശഭരണ വകുപ്പും തീരുമാനിച്ചു. പ്‌ളാസ്‌റ്റിക് ക്യാരിബാഗുകൾ ഉൾപ്പെടെ ഒറ്റത്തവണ പ്‌ളാസ്‌റ്റിക് ഉൽപന്നങ്ങൾ ജില്ലയിലെ വ്യാപാര സ്ഥാപനങ്ങൾ, ഹോട്ടലുകൾ, കേറ്ററിങ് സ്‌ഥാപനങ്ങൾ, ബേക്കറികൾ എന്നിവിടങ്ങളിൽ ഒക്‌ടോബർ ഒന്നു മുതൽ ലഭ്യമാകില്ല.
നടപടികളുമായി പൊതുജനങ്ങളും ഉപഭോക്‌താക്കളും വ്യാപാരി സമൂഹവും പൂർണമായി സഹകരിക്കണമെന്ന് കളക്‌ടർ വിആർ വിനോദ് അഭ്യർഥിച്ചു. ജില്ലയിലെ വ്യാപാര സ്‌ഥാപനങ്ങളിലും ഹോട്ടലുകളിൽ പാഴ്‌സൽ വിതരണത്തിനും ഒക്‌ടോബർ ഒന്നു മുതൽ നിരോധിത പ്‌ളാസ്‌റ്റിക് ക്യാരിബാഗുകൾ പൂർണമായി ഒഴിവാക്കാൻ വ്യാപാരി സംഘടനാ പ്രതിനിധികളുടെയും ഹോട്ടൽ, ബേക്കറി ഉടമകളുടെ സംഘടനാ പ്രതിനിധികളുടെയും യോഗത്തിൽ കളക്‌ടർ നിർദേശം നൽകി.
നിരോധിച്ച പ്‌ളാസ്‌റ്റിക് ഉൽപന്നങ്ങൾ കടകളിൽ വിൽക്കാനോ സൗജന്യമായി നൽകാനോ പാടില്ല. ആവശ്യക്കാർക്ക് തുണിസഞ്ചി പോലെ ബദൽ സംവിധാനങ്ങൾ വിലയ്‌ക്ക് നൽകാം. ഹോട്ടലുകളിൽ പാഴ്‌സൽ വിതരണത്തിനു കവറുകൾക്കു പകരം പാത്രങ്ങൾ ഉപയോഗിക്കണം.
പാത്രങ്ങൾ കൊണ്ടുവരാത്തവർക്ക് അവ ലഭ്യമാക്കാൻ സൗകര്യമൊരുക്കാം. ഒക്‌ടോബർ 15 മുതൽ വ്യാപാര സ്‌ഥാപനങ്ങളിൽ പരിശോധന ശക്‌തമാക്കുമെന്നും കളക്‌ടർ അറിയിച്ചു. ഭക്ഷണവും മറ്റു സാധനങ്ങളും വാങ്ങാൻ ആവശ്യമായ പാത്രങ്ങളും സഞ്ചികളും കൈവശം കരുതണമെന്നും കളക്‌ടർ അഭ്യർഥിച്ചു.
HEALTH | ഇന്ത്യയിൽ ക്യാൻസർ രോഗികളിൽ കൂടുതൽ 40 വയസിന് താഴെയുള്ളവരിലെന്ന് പഠനം