കന്യാകുമാരി: പ്രധാനമന്ത്രി നരേന്ദ്രമോദി കന്യാകുമാരിയിൽ നടത്തുന്ന ധ്യാനം വിലക്കാനാകില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. ധ്യാനം തിരഞ്ഞെടുപ്പ് പ്രചാരണമായി കാണാനാകില്ലെന്ന് കമ്മീഷൻ വ്യക്‌തമാക്കി. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെ മോദി നടത്തുന്ന ധ്യാനം പരോക്ഷ പ്രചാരണമാണെന്നും തടയണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു.
ധ്യാനം വിലക്കണമെന്ന് ആവശ്യപ്പെട്ട് തൃണമൂൽ കോൺഗ്രസും പരാതി നൽകിയിരുന്നു. എന്നാൽ, പരാതികൾ കമ്മീഷൻ തള്ളി. മോദിയുടെ ധ്യാനം തടയുന്നില്ലെങ്കിൽ തമിഴ്‌നാട്ടിലെ കോൺഗ്രസ് എംപിമാരും എംഎൽഎമാരും കന്യാകുമാരിയിൽ അതേസമയം ധ്യാനം നടത്തുമെന്ന് തമിഴ്‌നാട് കോൺഗ്രസ് കമ്മിറ്റി പ്രഖ്യാപിച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റ തിരക്കൊഴിഞ്ഞ പ്രധാനമന്ത്രി ഇന്ന് വൈകിട്ടോടെയാണ് കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിൽ ധ്യാനമിരിക്കാൻ എത്തുക. ഉച്ചകഴിഞ്ഞു 3.55ന് തിരുവനന്തപുരം വിമാനത്താവളത്തിൽ വ്യോമസേനയുടെ വിമാനത്തിലെത്തുന്ന പ്രധാനമന്ത്രി, ഹെലികോപ്‌ടറിൽ 4.55ന് കന്യാകുമാരിയിലെ തമിഴ്‌നാട് സർക്കാർ ഗസ്‌റ്റ് ഹൗസിലെ ഹെലിപാഡിൽ ഇറങ്ങും.
ആദ്യം തൊട്ടടുത്തുള്ള ഭഗവതി അമ്മൻ ക്ഷേത്രത്തിൽ ദർശനം. പിന്നീട് ബോട്ടിൽ വിവേകാനന്ദപ്പാറയിലെ സ്‌മാരകത്തിലേക്ക്. സ്വാമി വിവേകാനന്ദൻ ധ്യാനിച്ച അതേയിടത്ത് ഇന്ന് വൈകിട്ട് മുതൽ മറ്റന്നാൾ ഉച്ചകഴിയും വരെ മോദി 45 മണിക്കൂർ ധ്യാനം തുടരും. മറ്റന്നാൾ ഉച്ചകഴിഞ്ഞു 3.25ന് കന്യാകുമാരിയിൽ നിന്ന് തിരിച്ചു ഡെൽഹിയിലേക്ക് മടങ്ങും.
പ്രധാനമന്ത്രിയുടെ വരവോടനുബന്ധിച്ചു കന്യാകുമാരിയിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. വിവേകാനന്ദപ്പാറയിലേക്കുള്ള സഞ്ചാരികളുടെ യാത്രയ്‌ക്ക് നിരോധനം ഉണ്ട്. നാലായിരത്തോളം പോലീസുകാരെയാണ് സുരക്ഷക്കായി വിന്യസിച്ചിട്ടുള്ളത്.
2019ലെ അവസാനഘട്ട തിരഞ്ഞെടുപ്പ് ദിവസം 17 മണിക്കൂർ മോദി കേദാർനാഥിലെ രുദ്ര ഗുഹയിൽ ധ്യാനമിരുന്നിരുന്നു. തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിൽ ഈ ദൃശ്യങ്ങൾ ബിജെപിക്ക് വലിയ ഊർജവും പകർന്നിരുന്നു. ആ പിൻബലത്തിലാണ് വീണ്ടും ധ്യാനമിരിക്കാൻ മോദി തീരുമാനിച്ചത്. എന്നാൽ, ഇത്തവണ വടക്കേ ഇന്ത്യക്ക് പകരം തെക്കേ ഇന്ത്യയിലേക്കാണ് ധ്യാനം മാറുന്നതെന്നതാണ് ശ്രദ്ധേയം.
Most Read| ജനങ്ങളെ തെറി വിളിക്കാതെ പോലീസിന് പ്രവർത്തിക്കാൻ അറിയില്ലേ? ഹൈക്കോടതി








































