മലപ്പുറം: പോക്‌സോ കേസിൽ അറസ്‌റ്റിലായ മുൻ അധ്യാപകൻ കെവി ശശികുമാറിന് ജാമ്യം. രണ്ടു പോക്‌സോ കേസുകളിൽ ഉൾപ്പടെ ആറു കേസുകളിലാണ് ഇയാൾക്ക് കഴിഞ്ഞ ദിവസം കോടതി ജാമ്യം അനുവദിച്ചത്.
അധ്യാപകനായിരിക്കെ പീഡിപ്പിച്ചെന്ന പൂർവ വിദ്യാർഥിനികളുടെ പരാതിയെ തുടർന്നാണ് കെവി ശശികുമാറിനെതിരെ പോക്‌സോ വകുപ്പുകൾ പ്രകാരം കേസെടുത്തത്. 2012നും 2013നും ഇടയിൽ ശശികുമാറിൽ നിന്ന് ലൈംഗിക അതിക്രമം നേരിട്ടെന്നായിരുന്നു പരാതി.
കൂടാതെ മറ്റു നാലു പീഡന പരാതികളും വിദ്യാർഥികൾ നൽകിയിരുന്നു. ഈ 6 കേസുകളിലും പ്രതിക്ക് ജാമ്യം ലഭിച്ചു. പോക്‌സോ കേസുകളിൽ മഞ്ചേരി സ്‌പെഷ്യൽ പോക്‌സോ കോടതിയും മറ്റ് നാല് പീഡന കേസുകളിൽ പെരിന്തൽമണ്ണ കോടതിയുമാണ് ജാമ്യം അനുവദിച്ചത്.
മുൻ നഗരസഭാ അംഗം കൂടിയായ ശശികുമാർ പരാതി ഉയർന്നതോടെ ഒളിവിൽ പോയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ വയനാട്ടിൽ നിന്നാണ് പ്രതിയെ പോലീസ് പിടികൂടിയത്. റിമാൻഡിൽ കഴിയുന്ന പ്രതിക്ക് ജാമ്യം ലഭിച്ചതോടെ ഉടൻ ജയിൽ മോചിതനാകും. അതേസമയം പ്രതിക്ക് ജാമ്യം ലഭിച്ചതിൽ സമൂഹ മാദ്ധ്യമങ്ങളിൽ ഉൾപ്പടെ വ്യാപക വിമർശനങ്ങളാണ് ഉയരുന്നത്.
Most Read: സൺ ഫിലിം ഒട്ടിച്ച വാഹനങ്ങൾക്ക് പിടിവീഴും; ഇന്ന് മുതൽ പ്രത്യേക പരിശോധന