മലപ്പുറം: മലയാളത്തിൽ വീണ്ടും കവിതാ മോഷണ വിവാദം. കവിയും അധ്യാപകനുമായ ഡോ. സംഗീത് രവീന്ദ്രനാണ് പുരോഗമന കലാ സാഹിത്യ സംഘം മലപ്പുറം ജില്ലാ പ്രസിഡണ്ട് അജിത്രി ബാബുവിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
സംഗീത് രവീന്ദ്രന്റെ പേരിൽ പ്രസിദ്ധീകരിച്ച ‘ഉറുമ്പുപാലം’ എന്ന കവിതാ സമാഹാരത്തിലെ റോസ എന്ന കവിത അജിത്രി ബാബുവിന്റെ പേരിൽ സർക്കാർ പ്രസിദ്ധീകരണമായ വിദ്യാരംഗത്തിൽ വന്നുവെന്നാണ് പരാതി. ‘റോസ’യുടെ ഏതാനും വരികൾ വിദ്യാരംഗം മാസികയുടെ നവംബർ ലക്കത്തിൽ അജിത്രി ബാബു എഴുതിയ തുലത്തുമ്പി എന്ന കവിതയിൽ കൂട്ടിച്ചേർത്തുവെന്നാണ് സംഗീത് രവീന്ദ്രൻ ആരോപിക്കുന്നത്. സംഭവം തനിക്ക് വലിയ അപമാനമുണ്ടാക്കിയെന്നും അജിത്രി കവിത മോഷ്‌ടിച്ചതാണെന്നും കാണിച്ച് വിദ്യാഭ്യാസ മന്ത്രിക്കാണ് സംഗീത് പരാതി നൽകിയത്.
അജിത്രി എന്ന അധ്യാപിക ഉൾപ്പെടുന്ന കവനം എന്ന വാട്‍സാപ്പ് ഗ്രൂപ്പിലെ അംഗമാണ് സംഗീത് രവീന്ദ്രൻ. അദ്ദേഹം എഴുതിയ കവിതകൾ ഗ്രൂപ്പിൽ പങ്കുവെക്കുമ്പോൾ അജിത്രി ഉൾപ്പടെയുള്ള അംഗങ്ങൾ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിരുന്നു. എന്നാൽ തന്റെ റോസ എന്ന പത്ത് വരിയുള്ള കവിതയിലെ ഏഴ് വരി അവരുടെ തുലാത്തുമ്പി എന്ന കവിതയിൽ ചേർത്തത് വലിയ അപമാനമുണ്ടാക്കിയ സംഭവമാണെന്ന് സംഗീത് പറയുന്നു.
എന്നാൽ, സംഗീതുമായി ഒന്നിച്ചെഴുതിയ കവിതകളാണ് മാസികയിൽ പ്രസിദ്ധീകരിച്ചതെന്നാണ് അജിത്രി ബാബുവിന്റെ വാദം. വിവാദം അനാവശ്യമാണെന്നും സംഘ പരിവാർ സംഘടനകളുടെ ഗൂഢാലോചനയാണെന്നും അജിത്രി പറയുന്നു. സമൂഹ മാദ്ധ്യമങ്ങളിൽ വരുന്ന അപകീർത്തി പ്രചാരണങ്ങൾക്കെതിരെ കോട്ടക്കൽ പോലീസിന് പരാതി നൽകിയിട്ടുണ്ടെന്നും അജിത്രി പറഞ്ഞു.