തിരുവനന്തപുരം: ഇടത് സര്‍ക്കാരിന് ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ട് ഇടതുപക്ഷ സംഘടനയായ പുരോഗമന കലാസാഹിത്യ സംഘം(പുകസ) തയാറാക്കിയ ഹൃസ്വചിത്രങ്ങൾക്ക് എതിരെ വ്യാപക വിമര്‍ശനം ഉയർന്നതിന് പിന്നാലെ ചിത്രങ്ങൾ പിൻവലിച്ചു. മുസ്‌ലിമിനെ രാജ്യദ്രോഹിയായും ബ്രാഹ്‌മണ സമുദായത്തെ ദരിദ്രരായും ചിത്രീകരിച്ച വീഡിയോയിൽ ഇസ്‌ലാമോഫോബിക് ഉള്ളടക്കമാണെന്നാണ് പ്രധാന വിമര്‍ശനം.
സിനിമ താരങ്ങളായ സന്തോഷ് കീഴാറ്റൂര്‍, തെസ്‌നിഖാന്‍, കലാഭവന്‍ റഹ്‌മാന്‍, ഗായത്രി എന്നിവര്‍ അഭിനയിച്ച വീഡിയോ കഴിഞ്ഞ ദിവസമാണ് പുകസ പുറത്തിറക്കിയത്. ഹൃസ്വചിത്രങ്ങൾ വിവാദമായതോടെ ഇവ പിൻവലിച്ച് സംഘടന തടിതപ്പുകയായിരുന്നു.
സന്തോഷ് കീഴാറ്റൂര്‍ അഭിനയിച്ച ഒരു ചിത്രത്തില്‍ ക്ഷേത്രങ്ങള്‍ അടച്ചിട്ടത്തോടെ പട്ടിണിയിലായ ബ്രാഹ്‌മണന്റെ കുടുംബത്തെ സര്‍ക്കാര്‍ എങ്ങനെ കരകയറ്റിയെന്നാണ് പറയുന്നത്. തീവ്രവാദിയായ മകന്റെ മൃതദേഹം കാണേണ്ടെന്ന് തീരുമാനിച്ച ഉമ്മ ഇടതുപക്ഷത്തിന്റെ ഉറപ്പില്‍ വിശ്വസിക്കുന്നുവെന്നാണ് രണ്ടാമത്തെ വീഡിയോയിൽ കാണിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രവും ‘ഉറപ്പാണ് എല്‍ഡിഎഫ്’ എന്ന പ്രചരണ വാക്യവും മുന്‍നിര്‍ത്തിയാണ് വീഡിയോ.
എന്നാൽ രണ്ട് വീഡിയോകളും സമൂഹ മാദ്ധ്യമങ്ങളിൽ ഉൾപ്പടെ വൻ വിമർശനങ്ങളാണ് നേരിടുന്നത്. ഒരു ഇടത് പുരോഗമന സംഘടനയുടെ നയങ്ങൾക്ക് യോജിച്ചതല്ല വിഡിയോയെന്ന് പ്രമുഖർ അടക്കം ചൂണ്ടികാണിക്കുന്നു. നേരത്തെ അയിത്തവും തീണ്ടലും പ്രസക്‌തമാണെന്ന് വാദിച്ച് പുരോഗമന കലാസാഹിത്യസംഘം കോവിഡ് കാലത്ത് പുറത്തിറക്കിയ ഹ്രസ്വചിത്രം വന്‍ വിവാദമായിരുന്നു.
പുരോഗമന കലാ സാഹിത്യസംഘം സംസ്‌ഥാന സെക്രട്ടറിയും കവിയുമായ രാവുണ്ണി കേന്ദ്രകഥാപാത്രമായാണ് ‘ഒരു തീണ്ടാപ്പാടകലെ’ എന്ന പേരിലുള്ള ഷോര്‍ട്ട് ഫിലിം പുറത്തിറക്കിയത്. കൊറോണാ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ പ്രാധാന്യവും ബ്രേക്ക് ദ ചെയിന്‍ കാമ്പയിന്റെ പ്രസക്‌തിയും മുന്‍നിര്‍ത്തി ചെയ്‌ത ഷോര്‍ട്ട് ഫിലിം എന്നായിരുന്നു ഇവരുടെ അവകാശവാദം.
Read Also: രാജ്യസഭ തിരഞ്ഞെടുപ്പ് വിജ്‌ഞാപനം ഉടൻ പുറപ്പെടുവിക്കണം; എളമരം കരീം