കാസർഗോഡ്: ബേഡഡുക്കയിൽ വിദ്യാർഥിയുടെ കർണപുടം അടിച്ചു തകർത്ത സംഭവത്തിൽ പ്രധാനാധ്യാപകനെതിരെ പോലീസ് കേസെടുത്തു. പ്രധാനാധ്യാപകൻ എം. അശോകനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പോലീസ് കേസെടുത്തത്. അതേസമയം, ബാലാവകാശ കമ്മീഷൻ ഇന്ന് കുട്ടിയുടെ വീട്ടിലെത്തി മൊഴിയെടുക്കും.
സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു. കുണ്ടംകുഴി ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ പത്താം ക്ളാസ് വിദ്യാർഥിക്കാണ് മർദ്ദനമേറ്റത്. ഈമാസം 11നായിരുന്നു സംഭവം. സ്കൂൾ അസംബ്ളിയിൽ വികൃതി കാണിച്ചെന്ന് ആരോപിച്ചായിരുന്നു പ്രധാനാധ്യാപകൻ എം. അശോകന്റെ മർദ്ദനമെന്ന് രക്ഷിതാക്കൾ പറയുന്നു. മറ്റു വിദ്യാർഥികൾക്കൊപ്പംനിന്ന കുട്ടിയുടെ മുഖത്തടിക്കുകയും വലതു ചെവിയിൽ പിടിച്ചു പൊക്കുകയുമായിരുന്നു.
അസഹനീയമായ വേദന അനുഭവപ്പെട്ട വിദ്യാർഥിയെ ബേഡകം താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോൾ ഡോക്ടർമാർ വിദഗ്ധ ചികിൽസ നിർദ്ദേശിച്ചു. തുടർന്ന്, കാസർഗോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് നടത്തിയ പരിശോധനയിൽ വലതുചെവിക്ക് കേൾവിക്കുറവ് ഉണ്ടെന്നും കർണപുടം പൊട്ടിയെന്നും കണ്ടെത്തുകയായിരുന്നു.
സംഭവത്തിൽ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ ഇന്നലെ റിപ്പോർട് സമർപ്പിച്ചു. പൊതു വിദ്യാഭ്യാസ ഡയറക്ടർക്കാണ് റിപ്പോർട് സമർപ്പിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ വി. മധുസൂദനൻ ഇന്നലെ കുണ്ടംകുഴി സ്കൂളിലെത്തി എം അശോകന്റെയും മർദ്ദനമേറ്റ വിദ്യാർഥിയുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എം. അശോകനെതിരെ നടപടിയുണ്ടാകും.
അതേസമയം, കുട്ടിയെ മനഃപൂർവം മർദ്ദിച്ചിട്ടില്ലെന്നും അടിച്ചത് ലക്ഷ്യം തെറ്റിയതാണെന്നും പ്രധാനാധ്യാപകൻ വിശദീകരിച്ചെന്ന് പിടിഎ പ്രസിഡണ്ട് അറിയിച്ചു. ഒത്തുതീർപ്പിന് വേണ്ടി ഒരുലക്ഷം രൂപ വാഗ്ദാനം ചെയ്തെന്ന ആരോപണം തെറ്റാണെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാനാധ്യാപകനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ പാർട്ടികൾ സ്കൂളിലേക്ക് മാർച്ച് നടത്തി.
Most Read| ആയമ്പാറയിൽ ഓരില ചെന്താമര വിരിഞ്ഞത് നാട്ടുകാർക്ക് കൗതുകമായി








































