കിളിമാനൂർ: സത്യവാങ്‌മൂലം ഇല്ലാത്തതിനാൽ പോലീസ് ബൈക്ക് പിടിച്ചെടുത്തതിനെ തുടർന്ന് നടന്ന് വീട്ടിലെത്തിയ 56കാരൻ കുഴഞ്ഞുവീണ് മരിച്ചു. നഗരൂർ കടവിലെ കൊടിവിള വീട്ടിൽ സുനിൽകുമാർ ആണ് മരിച്ചത്. ഹൃദയസംബന്ധമായ അസുഖം ഉണ്ടായിരുന്ന വ്യക്‌തിയാണ് സുനിൽകുമാർ.
ശനിയാഴ്‌ച രാവിലെ 8.30നാണ് സംഭവം. നഗരൂർ ആൽത്തറമുക്ക് ജങ്ഷനിലെ കടയിൽ പഴം വാങ്ങാൻ എത്തിയതായിരുന്നു ഇയാൾ. സാധനം വാങ്ങി നിൽക്കവേ പോലീസ് പിടികൂടുകയായിരുന്നു. സത്യവാങ്മൂലം കൈവശമില്ലാത്തതിനാൽ സുനിൽകുമാറിന്റെ ബൈക്ക് പോലീസ് കസ്‌റ്റഡിയിൽ എടുത്ത ശേഷം ഇയാളെ വിട്ടയച്ചു. തുടർന്ന് രണ്ട് കിലോ മീറ്ററിലേറെ ദൂരം നടന്ന് വീട്ടിലെത്തിയ ഇയാൾ കുഴഞ്ഞുവീഴുകയായിരുന്നു.
ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മരുന്ന് വാങ്ങാനായി നഗരൂർ ജങ്ഷനിലെ മെഡിക്കൽ സ്‌റ്റോറിലേക്ക് പോയതാണ് ഇദ്ദേഹമെന്നും അഭ്യൂഹങ്ങളുണ്ട്.
അതേസമയം, കോവിഡ് കേസുകൾ വർധിക്കുന്നതിനാൽ തിരുവനന്തപുരം ജില്ലയിൽ കർശന നിയന്ത്രണങ്ങളാണ് നിലവിലുള്ളത്. അനാവശ്യമായി പുറത്തിറങ്ങാൻ പാടില്ല. അവശ്യ സാധനങ്ങൾ വാങ്ങാൻ പുറത്തിറങ്ങുന്നവർ സത്യവാങ്മൂലം കയ്യിൽ കരുതണമെന്നും നിർദ്ദേശമുണ്ട്.
Also Read: കോവിഡ് ബാധിച്ച നഴ്‌സിനെ ആശുപത്രിയിൽ നിന്നും ഇറക്കിവിട്ടു; പരാതിയുമായി ബന്ധുക്കൾ





































