കൊല്ലം: കുണ്ടറയിൽ പീഡന ആരോപണം ഉന്നയിച്ച യുവതിയെ ഒരിക്കൽ പോലും കണ്ടിട്ടില്ലെന്ന് ആരോപണ വിധേയനായ സംസ്ഥാന നിർവാഹക സമിതി അംഗം ജി പത്മാകരൻ. പരാതി രാഷ്ട്രീയ പ്രേരിതമാണ്. കേസിലെ ഗൂഢാലോചന അന്വേഷിക്കണം എന്നാവശ്യപ്പെട്ട് പത്മാകരൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി.
നാര്‍ക്കോ അനാലിസിസ്, ബ്രെയിന്‍ മാപ്പിംഗ്, പോളിഗ്രാഫ് തുടങ്ങി ഏത് പരിശോധനക്കും താന്‍ തയ്യാറാണെന്നും പത്മാകരൻ മുഖ്യമന്ത്രിക്ക് നല്കിയ പരാതിയില്‍ വ്യക്തമാക്കി. ഇതിന് മുൻപ് പലതവണ യുവതിക്ക് വിരോധമുള്ള ആളുകൾക്ക് എതിരെ സമാന സ്വഭാവമുള്ള പരാതികളുമായി പോലീസിനെ സമീപിച്ചിട്ടുണ്ട്. മന്ത്രി എകെ ശശീന്ദ്രൻ വിവരങ്ങൾ തിരക്കാൻ വിളിച്ചപ്പോൾ പരാതിക്കാരിയുടെ പിതാവ് ഫോൺ കോൾ റെക്കോർഡ് ചെയ്ത്, വിവരങ്ങൾ വളച്ചൊടിച്ച് മാദ്ധ്യമങ്ങൾക്ക് നൽകുകയായിരുന്നു. കളവായ ഈ ആരോപണങ്ങള്‍ക്ക് പിന്നില്‍ വലിയ രാഷ്ട്രീയ ഗൂഢാലോചന നടന്നെന്ന് വ്യക്തമാണ്; ജി പത്മാകരൻ കത്തില്‍ ചൂണ്ടിക്കാട്ടി.
യുവതിയുടെ പീഡന ആരോപണം വിവാദമായതോടെ ഇന്നലെ ജി പത്മാകരനെ എൻസിപിയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. കൊല്ലം ജില്ലാ പ്രസിഡണ്ട് എൻ രാജീവിനെയും സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് പത്മാകരൻ ഇ-മെയിലൂടെ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരിക്കുന്നത്. പരാതിക്കാരി ഉന്നയിച്ചിരിക്കുന്നത് അടിസ്ഥാന രഹിതമായ ആരോപണമാണെന്നും തനിക്കും കുടുംബത്തിനും മാനസികാഘാതം ഉണ്ടാക്കിയെന്നും കത്തില്‍ പറയുന്നു.
Most Read: സ്വർണക്കടത്ത്; കൂട്ടുനിന്ന 3 കസ്റ്റംസ് ഉദ്യോഗസ്ഥരെ പിരിച്ചു വിട്ടു







































