ഓണപ്പെരുമയിൽ പൂഴിക്കുന്ന്; പതിവ് തെറ്റിയില്ല- ഇത്തവണയും ഭീമൻ പൂക്കളം

പൂഴിക്കുന്ന് പൗരസമിതിയുടെ നേതൃത്വത്തിലാണ് 37 വർഷമായി മുടക്കമില്ലാതെ അത്തപ്പൂക്കളം ഒരുക്കുന്നത്. കൃത്യമായി വ്രതം നോറ്റ് തുടർച്ചയായി പത്ത് ദിവസമാണ് പൂക്കളമൊരുക്കുന്നത്.

By Trainee Reporter, Malabar News
pookkalam
Ajwa Travels

തിരുവനന്തപുരം: കേരളത്തിന്റെ ശിവകാശിയായ പൂഴിക്കുന്നിൽ പതിവ് തെറ്റിക്കാതെ ഇത്തവണയും ഭീമൻ അത്തപ്പൂക്കളം ഒരുങ്ങി. പൂഴിക്കുന്ന് പൗരസമിതിയുടെ നേതൃത്വത്തിലാണ് 37 വർഷമായി മുടക്കമില്ലാതെ അത്തപ്പൂക്കളം ഒരുക്കുന്നത്. പത്ത് ദിവസമായി പൂഴിക്കുന്നിന് ഉറക്കമൊഴിഞ്ഞുള്ള ഉൽസവ കാലമാണ് ഓണം.

ഇരുപതടി നീളവും 15 അടി വീതിയിലുമാണ് പൂക്കളം. സംസ്‌ഥാനത്ത്‌ ഇതിനേക്കാൾ വലിയ അത്തപ്പൂക്കളം ഉണ്ടെങ്കിലും കൃത്യമായി വ്രതം നോറ്റ് തുടർച്ചയായി പത്ത് ദിവസവും ഇത്തരത്തിലൊരുക്കുന്ന പൂക്കളമില്ല. ദിവസവും പതിനായിരത്തോളം രൂപയുടെ പൂക്കളാണ് വാങ്ങുന്നത്. വിവിധ സംഘടനകളും വ്യക്‌തികളുമാണ് സ്‌പോൺസർമാർ.

പൂക്കൾ വാങ്ങാനായി പൂഴിക്കുന്നിലെ ഒരുസംഘം ചെറുപ്പക്കാർ തലേദിവസം പുലർച്ചെ തോവാളയിലേക്ക് തിരിക്കും. ഉച്ചയോടെ ഇവർ മടങ്ങിയെത്തിയാൽ പിന്നെ പ്രദേശത്തെ ഓരോ വീടുകളിലേക്കും പൂക്കൾ കൈമാറും. പിന്നെ വീട്ടുകാരുടെ ജോലിയാണ് പൂ ഒരുക്കൽ. അർധരാത്രിയോടെ ഓരോ ദിവസത്തെയും പൂക്കളം മാറ്റി പൂജകൾക്ക് ശേഷമാണ് പുതിയതിട്ട് തുടങ്ങുന്നത്.

നേരം വെക്കുന്നതോടെ പൂക്കളം കാണാൻ ആൾക്കൂട്ടമെത്തി തുടങ്ങും. നാട്ടുകാരാണ് പൂക്കളം ഒരുക്കുന്നത്. 20ലേറെ വർഷമായി പൂഴിക്കുന്ന് പൗരസമിതിയുടെ കലാകാരനായ സജീവനാണ് പൂക്കള രൂപങ്ങൾ തയ്യാറാക്കുന്നത്. അത്തക്കളത്തിൽ ഒരുവശം പൂക്കളവും മറുവശത്ത് പൂക്കൾ സംഭാവന ചെയ്യുന്നയാളുടെ താൽപര്യം അനുസരിച്ചുള്ള ദൈവങ്ങളുടെ ചിത്രവുമായിരിക്കും ഉണ്ടാവുക.

കഴിഞ്ഞ ദിവസം ‘സ്‌റ്റാൻഡ്‌ വിത്ത് വയനാട്’ എന്ന പേരിൽ ഒരുക്കിയ പൂക്കളം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. നേമം വാർഡിലെ ഹരിതകർമ സേനാ അംഗങ്ങൾ സ്‌പോൺസർ ചെയ്‌ത അത്തപ്പൂക്കളം കാണാനും തിരക്കായിരുന്നു. മണ്ണുകൊണ്ട് തിട്ടയുണ്ടാക്കി അതിൽ ചാണകം മെഴുകിയുള്ള അത്തത്തട്ട് അത്തം തുടങ്ങുന്നതിന് ഒരാഴ്‌ച മുന്നേ ഒരുക്കിയിരുന്നു. അത്തപൂജയും തുമ്പിതുള്ളലും നടത്തി വിവിധ കലാപരിപാടികളോടെയാണ് തിരുവോണ ദിനത്തിൽ ആഘോഷങ്ങൾക്ക് കൊടിയിറങ്ങുക.

Most Read| എംപോക്‌സ്; ലോകത്തെ ആദ്യ വാക്‌സിന് അംഗീകാരം നൽകി ലോകാരോഗ്യ സംഘടന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE