സെൻസസ് 2027 നാളെ മുതൽ; ആദ്യഘട്ടത്തിൽ വീടുകളുടെ വിവരശേഖരണം

കേരളത്തിൽ ആദ്യഘട്ട സെൻസസ് നടപടികൾ ജൂൺ മാസത്തിലാണ് ആരംഭിക്കുന്നത്. ജൂൺ 16 മുതൽ 30 വരെ പൊതുജനങ്ങൾക്ക് സ്വയം വിവരങ്ങൾ രേഖപ്പെടുത്താനുള്ള സെൽഫ് എന്യൂമറേഷൻ സൗകര്യം ലഭ്യമാകും.

By Senior Reporter, Malabar News
India Census 2027
Rep. Image
Ajwa Travels

ന്യൂഡെൽഹി: രാജ്യത്തെ ജനസംഖ്യാ കണക്കെടുപ്പ് പ്രക്രിയയ്‌ക്ക് നാളെ തുടക്കമാകും. രണ്ട് ഘട്ടങ്ങളിലായാണ് സെൻസസ് നടപ്പിലാക്കുന്നത്. ആദ്യഘട്ടത്തിൽ വീടുകളുടെ വിവരശേഖരണവും രണ്ടാം ഘട്ടത്തിൽ യഥാർഥ ജനസംഖ്യാ കണക്കെടുപ്പുമാണ് നടക്കുക. 2011ന് ശേഷം കോവിഡ് പശ്‌ചാത്തലത്തിൽ നീണ്ടുപോയ സെൻസസ് നടപടികളാണ് ഇപ്പോൾ പുനരാരംഭിക്കുന്നത്.

രാജ്യത്തെ ആദ്യത്തെ സമ്പൂർണ ഡിജിറ്റൽ സെൻസസ് എന്ന പ്രത്യേകതയോടെയാണ് സെൻസസ് നടപടികൾ ആരംഭിക്കുന്നത്. ആദ്യഘട്ടത്തിലെ ഭവന സെൻസസിൽ വീടുകളുടെ തരം, ലഭ്യമായ അടിസ്‌ഥാന സൗകര്യങ്ങൾ, വീട്ടിലുള്ള ആസ്‌തികൾ തുടങ്ങിയ വിവരങ്ങളാണ് ശേഖരിക്കുക. ഓരോ കുടുംബത്തിന്റെയും സാമ്പത്തിക നിലവാരവും ജീവിത സാഹചര്യങ്ങളും മനസിലാക്കാൻ ഇത് സഹായിക്കും.

2027 ഫെബ്രുവരിയിൽ നടക്കുന്ന രണ്ടാം ഘട്ടത്തിലാണ് വ്യക്‌തിഗത വിവരങ്ങളും ജാതി വിവരങ്ങളും ഉൾപ്പടെയുള്ള ജനസംഖ്യാ കണക്കെടുപ്പ് നടത്തുക. ഇത്തവണ വിവരശേഖരണത്തിനായി മൊബൈൽ ആപ്പുകളും പ്രത്യേക വെബ് പോർട്ടലുകളും ഉപയോഗിക്കുന്നതിനാൽ വിവരങ്ങൾ വേഗത്തിലും കൃത്യമായും ലഭ്യമാകും.

ലിവ് ഇൻ റിലേഷൻഷിപ്പിലുള്ള ദമ്പതിമാർക്ക് അവരുടെ ബന്ധം നിലനിൽക്കുന്നതാണെങ്കിൽ വിവാഹിതരായി സെൻസസിൽ കണക്കാക്കും. സെൻസസിലെ സെൽഫ് എന്യൂമറേഷൻ സംബന്ധിച്ച വിശദീകരണത്തിലാണ് ഇക്കാര്യം. വീട്ടിലെ വിവാഹിതരായ ദമ്പതിമാരുടെ എണ്ണം ആദ്യഘട്ടത്തിൽ ചോദിക്കുന്നുണ്ട്. ഇതിലാണ് ലിവ് ഇൻ റിലേഷൻഷിപ്പിൽ ഉള്ളവരെയും പരിഗണിക്കുന്നത്.

കേരളത്തിൽ ആദ്യഘട്ട സെൻസസ് നടപടികൾ ജൂൺ മാസത്തിലാണ് ആരംഭിക്കുന്നത്. ജൂൺ 16 മുതൽ 30 വരെ പൊതുജനങ്ങൾക്ക് സ്വയം വിവരങ്ങൾ രേഖപ്പെടുത്താനുള്ള സെൽഫ് എന്യൂമറേഷൻ സൗകര്യം ലഭ്യമാകും. തുടർന്ന് ജൂലൈ ഒന്നുമുതൽ 30 വരെ സെൻസസ് ഉദ്യോഗസ്‌ഥർ നേരിട്ട് വീടുകളിലെത്തി വിവരങ്ങൾ ശേഖരിക്കും.

രാജ്യത്താകെ ശേഖരിക്കുന്ന വിവരങ്ങൾ ക്രോഡീകരിച്ച് 2027 മാർച്ച് ഒന്നോടുകൂടി പുതിയ സെൻസസ് കണക്കുകൾ ഔദ്യോഗികമായി പ്രസിദ്ധീകരിക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. ഏറ്റവുമൊടുവിലുള്ള മണിപ്പൂരിൽ ആദ്യഘട്ടം അവസാനിക്കുന്നത് സെപ്‌തംബർ 30നാണ്. സെൻസസ് വിജ്‌ഞാപനം ചെയ്യാത്ത ബംഗാളിലെ ആദ്യഘട്ട തീയതി പ്രഖ്യാപിച്ചിട്ടില്ല.

Most Read| ഇത് അത്‌ഭുതം! ഒരൊറ്റ മാവിൽ വിരിഞ്ഞത് 350 ഇനം മാമ്പഴങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE