വാളയാര്‍ : വ്യാജമദ്യം കഴിച്ചു വാളയാറില്‍ മരിച്ച ആളുകളുടെ പോസ്‌റ്റ്‌മോർട്ടം നടപടികള്‍ ഇന്ന് നടക്കും. അഞ്ച് പേരാണ് വാളയാറില്‍ വ്യാജമദ്യം കഴിച്ച് ഇതുവരെ മരിച്ചത്. എട്ട് പേര്‍ ഇപ്പോഴും ജില്ലാ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുകയാണ്. ഇവരില്‍ സ്‌ത്രീകളും ഉള്‍പ്പെടുന്നുണ്ട്. സാനിറ്റൈസറിന്റെ നിര്‍മ്മാണത്തിനായി എത്തിച്ച സ്‌പിരിറ്റാണ് മദ്യമാണെന്ന് കരുതി ഇവര്‍ കുടിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായാണ് അഞ്ച് പേരെ വ്യാജമദ്യം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്‌ച രാവിലെയാണ് വ്യാജമദ്യം കഴിച്ച രാമന്‍ എന്നയാള്‍ മരിക്കുന്നത്. ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയ ശേഷം മണിക്കൂറുകള്‍ക്കകം തന്നെ അയ്യപ്പന്‍ എന്നയാളെയും കോളനിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇവരുടെ മൃദദേഹങ്ങള്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശപ്രകാരം സംസ്‌കരിച്ചു.
ഇന്നലെ രാവിലെയോടെ കോളനിയില്‍ അടുത്ത ആളും മരിച്ചതോടെ നാട്ടുകാര്‍ ഇക്കാര്യം പോലീസില്‍ അറിയിക്കുകയായിരുന്നു. മദ്യം ഇവര്‍ക്ക് നല്‍കിയെന്ന് കരുതുന്ന ശിവന്‍ എന്നയാളാണ് മൂന്നാമതായി മരിച്ചത്. തുടര്‍ന്ന് പാലക്കാട് സ്‌റ്റേഡിയം ബസ് സ്‌റ്റാന്റിനടുത്ത് മൂര്‍ത്തിയെന്ന യുവാവിനെയും മരിച്ച നിലയില്‍ കണ്ടെത്തി. ഇയാള്‍ ആശുപത്രിയിൽ ചികില്‍സക്ക് എത്തിയ ശേഷം അവിടെ നിന്നും മുങ്ങുകയായിരുന്നു. പിന്നീട് വ്യാജമദ്യം കഴിച്ച് ഗുരുതരാവസ്‌ഥയില്‍ കഴിഞ്ഞിരുന്ന അരുണ്‍ എന്നയാളും മരിച്ചു.
Read also : സിദ്ദീഖ് കാപ്പന്റെ അറസ്‌റ്റ്; പ്രിയങ്ക ഗാന്ധി ഇടപെടും







































