കണ്ണൂർ: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്‌റ്റിലായ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡണ്ട് പിപി ദിവ്യക്ക് ജാമ്യം അനുവദിച്ച് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി. അറസ്‌റ്റിലായി 11 ദിവസത്തിന് ശേഷമാണ് ദിവ്യക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്.
ജാമ്യം കിട്ടിയതിൽ സന്തോഷമെന്ന് ദിവ്യയുടെ അഭിഭാഷകൻ വിശ്വൻ പറഞ്ഞു. കോടതിയിൽ വിശ്വാസമുണ്ടായിരുന്നു. വസ്‌തുതകൾ പരിശോധിച്ചാണ് കോടതി വിധി പറഞ്ഞത്. പ്രതീക്ഷിച്ച വിജയം തന്നെയാണ് ഉണ്ടായതെന്നും വിശ്വൻ പറഞ്ഞു. ജാമ്യം അനുവദിച്ചുവെന്ന് മാത്രമേ അറിയൂവെന്നും വിധിപ്പകർപ്പ് ലഭിച്ചിട്ടില്ലെന്നും നവീൻ ബാബുവിന്റെ കുടുംബത്തിന്റെ അഭിഭാഷക പറഞ്ഞു.
നവീൻ ബാബുവിന്റെ കുടുംബവുമായി ആലോചിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്നും അഭിഭാഷക പറഞ്ഞു. കേസിൽ നവീൻ ബാബുവിന്റെ കുടുംബത്തിന്റെ മൊഴി രണ്ടുദിവസത്തിനകം പത്തനംതിട്ടയിലെത്തി രേഖപ്പെടുത്തും. ജാമ്യാപേക്ഷയിൽ വാദത്തിൽ ഭാര്യയുടെ മൊഴിയെടുത്തില്ലെന്ന ആക്ഷേപം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് കുടുംബത്തിന്റെ മൊഴിയെടുക്കാനുള്ള തീരുമാനം.
യാത്രയയപ്പ് ചടങ്ങിനിടെ ദിവ്യ നടത്തിയ ആരോപണങ്ങൾക്ക് പിന്നാലെയായിരുന്നു നവീൻ ബാബു ജീവനൊടുക്കിയത്. എഡിഎം കൈക്കൂലി ആവശ്യപ്പെട്ടിരുന്നുവെന്ന് ആരോപിച്ച പിപി ദിവ്യ പത്തനംതിട്ടയിൽ ഈ രീതിയിൽ പ്രവർത്തിക്കരുതെന്നും പറഞ്ഞിരുന്നു. രണ്ടു ദിവസത്തിനകം മറ്റു വെളിപ്പെടുത്തലുണ്ടാകുമെന്നും ദിവ്യ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ നവീനെ കണ്ണൂരിലെ ക്വാർട്ടേഴ്‌സിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
അതേസമയം, ദിവ്യക്കെതിരെ സിപിഎം ഇന്നലെ നടപടി സ്വീകരിച്ചിരുന്നു. ജില്ലാ കമ്മിറ്റി അംഗമായ ദിവ്യയെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ പാർട്ടി പദവികളിൽ നിന്നും സിപിഎം നീക്കി. സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയുടേതാണ് നടപടി. പിപി ദിവ്യക്കെതിരെ എടുത്ത നടപടി സിപിഎം സംസ്‌ഥാന കമ്മിറ്റിയെ ഉടൻ അറിയിക്കും. അനുമതി ലഭിച്ചാൽ പിപി ദിവ്യ ഇനിമുതൽ ഇരണാവ് ലോക്കൽ കമ്മിറ്റിക്ക് കീഴിലെ ബ്രാഞ്ചിലുള്ള ഒരു സാധാരണ പാർട്ടി അംഗമായി തുടരേണ്ടി വരും.
Most Read| രണ്ട് തലയും ഒരു ഉടലും; അപൂർവ രൂപത്തിലുള്ള പശുക്കുട്ടിയെ കാണാൻ ജനത്തിരക്ക്