ന്യൂഡെൽഹി: സാധരണക്കാർക്ക് തിരിച്ചടിയായി രാജ്യത്ത് അവശ്യ മരുന്നുകളുടെ വില കുത്തനെ ഉയരുന്നു. ഏപ്രിൽ ഒന്ന് മുതലാണ് പുതുക്കിയ വില പ്രാബല്യത്തിൽ വരിക. വേദനസംഹാരികൾ, അണുബാധ തടയുന്നതിനുള്ള മരുന്നുകൾ, കാർഡിയാക് മരുന്നുകൾ, ആന്റിബയോട്ടിക്കുകൾ എന്നിവ ഉൾപ്പടെയുള്ള മരുന്നുകളുടെ വിലയാണ് ഉയരുക.
84 അവശ്യ മരുന്നുകളുടെയും ആയിരത്തിലധികം മെഡിസിൻ ഫോർമുലേഷനുകളുടെയും വില വർധിക്കും. ഏപ്രിൽ ഒന്ന് മുതൽ വിലയിൽ 12.12 ശതമാനം വർധനയാണ് ഉണ്ടാവുക. അവശ്യ മരുന്നുകളുടെ പട്ടികയിൽ പെടുത്തിയിട്ടുള്ള മരുന്നുകളുടെ വാർഷിക വില വർധനവ്, വാർഷിക മൊത്തവില സൂചികയുടെ (ഡബ്‌ളൂപിഐ) അടിസ്‌ഥാനമാക്കിയുള്ളതാണ്.
എല്ലാ സാമ്പത്തിക വർഷാരംഭത്തിലും ഡബ്‌ളൂപിഐയുടെ അടിസ്‌ഥാനത്തിൽ വില വർധനവ് നടത്താൻ ഫാർമസ്യൂട്ടിക്കൽ അതോറിറ്റിക്ക് കേന്ദ്ര സർക്കാർ അനുമതി നൽകിയിട്ടുണ്ട്. അവശ്യ മരുന്ന് പട്ടികയിലുള്ള 900 മരുന്നുകൾക്ക് വില 12 ശതമാനമാണ് വർധിക്കുന്നത്. 2013ൽ ഡ്രഗ് പ്രൈസ് കൺട്രോളർ നിലവിൽ വന്നതിന് ശേഷമുള്ള ഏറ്റവും ഉയർന്ന വർധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്.
കഴിഞ്ഞ വർഷം പത്ത് ശതമാനമായിരുന്നു വർധനവ്. വിപണിയിൽ മരുന്നുകളുടെ ക്ഷാമം ഉണ്ടാകാതിരിക്കാനും നിർമിതാക്കൾക്കും ഉപയോക്‌താക്കൾക്കും പരസ്‌പരം പ്രയോജനം ചെയ്യാനും വേണ്ടിയാണ് വില വർധിപ്പിച്ചതെന്ന് ആരോഗ്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്‌ഥർ പറഞ്ഞു.
Most Read: ഇടുക്കിയിലെ 13 പഞ്ചായത്തുകളിൽ നാളെ ജനകീയ ഹർത്താൽ