കോഴിക്കോട്: കൊയിലാണ്ടി ഗുരുദേവ കോളേജിലെ സംഘർഷവുമായി ബന്ധപ്പെട്ട് നാല് വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്‌ത നടപടിയിൽ പ്രിൻസിപ്പൽ സുനിൽ ഭാസ്‌കരനിൽ നിന്ന് കാലിക്കറ്റ് സർവകലാശാല വിശദീകരണം തേടി. സസ്‌പെൻഡ് ചെയ്യപ്പെട്ട വിദ്യാർഥികൾ നൽകിയ പരാതിയിലാണ് നടപടി.
സർവകലാശാലയിൽ നിന്ന് കത്ത് കിട്ടിയെന്നും വിശദീകരണം നൽകിയിട്ടുണ്ടെന്നും പ്രിൻസിപ്പൽ അറിയിച്ചു. സസ്‌പെൻഷൻ നടപടി ചട്ടവിരുദ്ധമാണെന്ന് കാണിച്ചാണ് വിദ്യാർഥികൾ വൈസ് ചാൻസലർക്കും രജിസ്‌ട്രാർക്കും പരാതി നൽകിയത്. കഴിഞ്ഞ ആഴ്‌ചയാണ് കോളേജ് പ്രിൻസിപ്പലിനെ എസ്എഫ്ഐ പ്രവർത്തകർ മർദ്ദിച്ചത്. ഹെൽപ് ഡെസ്‌ക്കുമായി ബന്ധപ്പെട്ട തർക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.
എസ്എഫ്ഐ ഏരിയാ കമ്മിറ്റി പ്രസിഡണ്ടിനെ മർദ്ദിച്ചുവെന്ന പരാതിയിൽ പ്രിൻസിപ്പലിനെതിരെയും പ്രിൻസിപ്പലിനെ മർദ്ദിച്ചുവെന്ന പരാതിയിൽ എസ്എഫ്ഐ പ്രവർത്തകർക്ക് എതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. പോലീസ് സംരക്ഷണയിലാണ് നിലവിൽ കോളേജ് പ്രവർത്തിക്കുന്നത്.
Most Read| കത്വ ഭീകരാക്രമണം; പ്രദേശവാസികളെ തോക്കിൻ മുനയിൽ നിർത്തി ഭീകരർ