പാലക്കാട്: പന്നിയങ്കര ടോളിൽ ചൊവ്വാഴ്‌ച (ഈ മാസം 5) വരെ സ്വകാര്യ ബസുകളിൽ നിന്ന് ടോൾ ഈടാക്കില്ല. പോലീസുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. നെൻമാറ വേല, എസ്എസ്എൽസി പരീക്ഷ എന്നിവ കണക്കിലെടുത്താണ് സ്വകാര്യ ബസുകൾക്ക് ഇളവ് നൽകിയത്.
നിർമാണ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന ഭാരം കൂടിയ വാഹനങ്ങൾ അടക്കമുള്ളവക്ക് 430 രൂപയാണ് ഒരുഭാഗത്തേക്ക് നൽകേണ്ടത്. ഇരുഭാഗത്തേക്കും പോകണമെങ്കിൽ 645 രൂപ വേണം. ഒരു മാസത്തെ പാസിന് 14,315 രൂപയാണ് നൽകേണ്ടത്. വാൻ, കാർ, ജീപ്പ്, ചെറിയ വാഹനങ്ങൾ തുടങ്ങിയവക്ക് 90 രൂപ വേണം. ഇരുഭാഗത്തേക്കുമാണെങ്കിൽ 135 രൂപയും നൽകണം.
മിനി ബസ്, ചെറിയ ചരക്ക് വാഹനങ്ങൾ എന്നിവക്ക് 140 രൂപയും ഇരുവശത്തേക്കും 210 രൂപയുമാണ്. ബസ്, ട്രക്ക് എന്നിവക്ക് ഒരു തവണ പോകാന്‍ 280 രൂപയും ഇരുഭാഗത്തേക്കും 425 രൂപയും ഒരു മാസത്തെ പാസ് 9400 രൂപയുമാണ്.
പന്നിയങ്കര ടോൾ പ്ളാസയിൽ കൂട്ടിയ നിരക്കിനെതിരെ നേരത്തെ ടോറസ് ലോറി ഉടമകൾ സമരം നടത്തിയിരുന്നു. ടോളിൽ ഇളവ് ആവശ്യപ്പെട്ട് മൂന്ന് ദിവസമായി നടത്തിവന്ന സമരം റവന്യൂ മന്ത്രി കെ രാജനുമായി നടത്തിയ ചർച്ചയെ തുടർന്നാണ് പിൻവലിച്ചത്. പാലക്കാട്, തൃശൂർ, എറണാകുളം ജില്ലകളിലെ ടോറസ് ഉടമകളായിരുന്നു സമരം നടത്തിയത്.
വൻ തുക ടോൾ വാങ്ങുന്നതിൽ പ്രദേശവാസികൾ അടക്കമുള്ളവർ രംഗത്തെത്തി. ഒരു തവണ ഇരുഭാഗത്തേക്കുമായി പോകുന്നതിന് 645 രൂപയാണ് വലിയ വാഹനങ്ങളില്‍ നിന്ന് ഈടാക്കുന്നത്. പ്രദേശവാസികൾക്ക് നൽകിയിരുന്ന സൗജന്യം അവസാനിപ്പിച്ചതോടെ നാട്ടുകാരെത്തി ടോൾ പിരിവ് തടഞ്ഞിരുന്നു. ഇതേത്തുടർന്ന് തൽസ്‌ഥിതി തുടരാമെന്ന് കമ്പനി സമ്മതിച്ചിട്ടുണ്ട്.
Most Read: പള്‍സര്‍ സുനി ദിലീപിന് അയച്ച കത്ത് കണ്ടെത്തി