ന്യൂഡെൽഹി: സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ ഉയർന്ന ഫീസ് ഈടാക്കാൻ വഴിയൊരുക്കുന്ന ഹൈക്കോടതി ഉത്തരവിനെതിരായ ഹരജിയിൽ അടിയന്തിര വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. കേരളത്തിലെ മെഡിക്കൽ കോളേജുകളിലേക്കുള്ള പ്രവേശനം നിശ്ചലമായിരിക്കുകയാണെന്നും സർക്കാർ കോടതിയെ അറിയിച്ചു.
സുപ്രീം കോടതിക്ക് അയച്ച കത്തിലൂടെയാണ് ഹരജിയിൽ അടിയന്തിരമായി വാദം കേൾക്കണമെന്ന് സർക്കാർ കോടതിയോട് ആവശ്യപ്പെട്ടത്. ഫീസ് വർധനവിന് വഴിയൊരുക്കുന്ന ഹൈകോടതി വിധിക്കെതിരെ ചില വിദ്യാർഥികളും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.
സംസ്ഥാന സർക്കാർ സ്റ്റാൻഡിങ് കൗൺസൽ ജി പ്രകാശാണ് സുപ്രീം കോടതി രജിസ്ട്രാർക്ക് കത്തയച്ചത്. നിലവിലെ മെഡിക്കൽ പ്രവേശനത്തിനായുള്ള കൗൺസിലിംഗ് നേരിടുന്ന പ്രതിസന്ധിയും കത്തിൽ വിവരിച്ചിട്ടുണ്ട്.
സ്വാശ്രയ മെഡിക്കൽ കോളേജ് ഫീസുമായി ബന്ധപ്പെട്ട ഹൈകോടതി വിധിക്കെതിരെ കഴിഞ്ഞ ആഴ്ചയാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. 2019ലെ കേന്ദ്ര മെഡിക്കൽ കമ്മീഷൻ നിയമപ്രകാരം ഫീസ് നിർണയിക്കാനുള്ള അധികാരം മെഡിക്കൽ കമ്മീഷനാണെന്ന് ഹൈകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ കമ്മീഷൻ ഇതുവരെയും നിലവിൽ വന്നിട്ടില്ല. അതിനാൽ സുപ്രീം കോടതി ഉത്തരവ് പ്രകാരം നിലവിൽ വന്ന സംസ്ഥാന ഫീസ് നിർണയ സമിതി നിശ്ചയിക്കുന്ന ഫീസാണ് വിദ്യാർഥികളിൽ നിന്നും ഈടാക്കേണ്ടതെന്നാണ് സർക്കാരിന്റെ വാദം.
Read also: കെ റെയില്‍; ആശങ്കകള്‍ പരിഹരിക്കാന്‍ സര്‍വകക്ഷിയോഗം വേണമെന്ന് ചെന്നിത്തല







































