തിരുവനന്തപുരം: കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട ആശങ്കകള്‍ മാറ്റാന്‍ സര്‍വ്വകക്ഷിയോഗം വിളിച്ച് ചേര്‍ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആവശ്യമുന്നയിച്ച് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് പരാതി നല്‍കി. സര്‍വകക്ഷിയോഗം വിളിക്കുന്നത് വരെ കെ റെയിലുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തി വെക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
കേന്ദ്ര ധനകാര്യമന്ത്രാലയം ഉപേക്ഷിച്ച കെ റെയില്‍ പദ്ധതി (സില്‍വര്‍ലൈന്‍ പദ്ധതി)യുമായി സംസ്‌ഥാന സര്‍ക്കാര്‍ മുന്നോട്ട് നീങ്ങുന്നത് അഴിമതിക്കും, റിയല്‍ എസ്‌റ്റേറ്റ് കുംഭകോണത്തിനും വേണ്ടിയാണെന്നാണ് ചെന്നിത്തല സംശയം പ്രകടിപ്പിക്കുന്നത്. പദ്ധതിക്ക് കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ലെന്നും, കേന്ദ്ര ധനകാര്യ മന്ത്രാലയം ഈ പദ്ധതി നിരാകരിക്കുകയും ചെയ്‌തതാണെന്ന് ചെന്നിത്തല പറയുന്നു.
Also Read: തദ്ദേശ തിരഞ്ഞെടുപ്പ്; ബാലറ്റുകൾ തയ്യാർ, വരണാധികാരികൾക്ക് കൈമാറി തുടങ്ങി
പദ്ധതിയുമായി ബന്ധപ്പെട്ട് പാരിസ്‌ഥിതിക ആഘാത പഠനങ്ങളോ സാമൂഹിക ആഘാത പഠനങ്ങളോ നടത്തിയിട്ടില്ലെന്നും ചെന്നിത്തല ആരോപിക്കുന്നു. കേരളത്തിന്റെ സെമി ഹൈസ്‌പീഡ് റെയില്‍ യാത്രാ പദ്ധതിയാണ് കെ റെയില്‍. തിരുവനന്തപുരത്ത് നിന്നും കാസര്‍ഗോഡേക്ക് നാലു മണിക്കൂറില്‍ എത്തുന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിനായി 1126 ഹെക്റ്റർ ഭൂമിയാണ് സംസ്‌ഥാനത്ത് ഏറ്റെടുക്കേണ്ടി വരുന്നത്.