റിയാദ്: റഷ്യ- യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ കളമൊരുങ്ങുന്നു. യുഎസുമായി സൗദി അറേബ്യയിൽ നടത്തിയ കൂടിക്കാഴ്‌ചയിലാണ്, യുദ്ധം അവസാനിപ്പിക്കാനുള്ള സന്നദ്ധത റഷ്യ അറിയിച്ചത്. നാലര മണിക്കൂർ നീണ്ട ചർച്ച വിജയമാണെന്നും യുദ്ധം അവസാനിപ്പിക്കാൻ ഓർമിച്ച് പ്രവർത്തിക്കാൻ ധാരണയായെന്നും റഷ്യ പ്രതികരിച്ചു.
യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ ഇടപെടലിനെ തുടർന്നായിരുന്നു ചർച്ച. റിയാദിലെ ദിരിയ്യ കൊട്ടാരത്തിൽ സൗദി വിദേശകാര്യമന്ത്രി ഫൈസൽ ബിൻ ഫറാൻ അൽ സൗദിന്റെയും ദേശീയ സുരക്ഷാ ഉപദേശകൻ മുസാദ് ബിൻ മുഹമ്മദ് അൽ ഐബാന്റെയും മധ്യസ്‌ഥതയിലായിരുന്നു കൂടിക്കാഴ്‌ച. ട്രംപിന്റെ പ്രതിനിധികളായി യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, യുഎസ് മധ്യേഷ്യ ദൂതൻ സ്‌റ്റീവ് വിറ്റ്‌കോഫ്, ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് മൈക്ക് വാൽസ് എന്നിവർ പങ്കെടുത്തു.
റഷ്യയുടെ ഭാഗത്ത് നിന്ന് വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ്, റഷ്യൻ പ്രസിഡണ്ട് വ്‌ളാഡിമിർ പുട്ടിന്റെ വിദേശ നയതന്ത്ര ഉപദേശകൻ യൂറി ഉഷാകോവ്, ഉന്നത ഉദ്യോഗസ്‌ഥർ എന്നിവരും പങ്കെടുത്തു. അതേസമയം, യോഗത്തിൽ യുക്രൈൻ പ്രതിനിധികൾ പങ്കെടുത്തില്ല. യുക്രൈൻ പങ്കെടുക്കാത്ത ചർച്ചകളിലെ ഒരു തീരുമാനവും രാജ്യം അംഗീകരിക്കില്ലെന്ന് പ്രസിഡണ്ട് വ്‌ളോഡിമിർ സെലെൻസ്‌കി പറഞ്ഞു.
ചർച്ചകളിൽ നിന്ന് മാറ്റിനിർത്തുന്നതിൽ യൂറോപ്യൻ സഖ്യകക്ഷികളും ആശങ്ക രേഖപ്പെടുത്തി. വാഷിങ്‌ടണിലെയും മോസ്‌കോയിലേയും അതത് എംബസികളിൽ ജീവനക്കാരെ പുനഃസ്‌ഥാപിക്കാൻ ഇരുരാജ്യങ്ങളും സമ്മതിച്ചതായി കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം റൂബിയോ പറഞ്ഞു. യുക്രൈൻ സമാധാന ചർച്ചകൾ, ഉഭയകക്ഷി ബന്ധങ്ങൾ, സഹകരണം എന്നിവ പിന്തുണയ്‌ക്കുന്നതിനാണിത്. ഏതാനും വർഷങ്ങളായി നിരവധി നയതന്ത്ര ഉദ്യോഗസ്‌ഥരെ പുറത്താക്കിയത് രണ്ട് എംബസികളെയും സാരമായി ബാധിച്ചിരുന്നു.
Most Read| രണ്ടാം ഭാര്യയുടെ പ്രേതത്തെ പേടി, 36 വർഷമായി സ്‌ത്രീ വേഷം കെട്ടി ജീവിക്കുന്ന പുരുഷൻ








































