തിരുവനന്തപുരം: സംസ്‌ഥാനത്ത് സിൽവർ ലൈൻ കല്ലിടൽ ഇന്നും തുടരും. ഇതോടൊപ്പം പ്രതിഷേധവും ശക്‌തമാകും. ഇന്നലെ വൻ പ്രതിഷേധം ഉയർന്നതിനെ തുടർന്ന് കല്ലിടൽ നടപടികൾ മാറ്റിവെച്ച കോഴിക്കോട് കല്ലായിലും എറണാകുളം ചോറ്റാനിക്കരയിലും ഉദ്യോഗസ്‌ഥർ ഇന്ന് വീണ്ടും എത്തും. കെ റെയിൽ ഉദ്യോഗസ്‌ഥർക്ക് എതിരെ കൈയേറ്റ ശ്രമം ഉണ്ടായ പശ്‌ചാത്തലത്തിൽ കൂടുതൽ പോലീസിനെ വിന്യസിച്ചാകും ഇന്നത്തെ നടപടികൾ.
ചോറ്റാനിക്കര മേഖലയിൽ ഇന്ന് ശക്‌തമായ പ്രതിഷേധം ഉണ്ടാകുമെന്നാണ് സൂചന. ഇന്നലെയും ഇവിടെ വലിയ തോതിൽ പ്രതിഷേധം ഉയർന്നിരുന്നു. ശക്‌തമായ പ്രതിഷേധങ്ങൾക്കിടെ കോഴിക്കോട് ഇന്നും സർവേ നടപടികളും അതിരടയാള കല്ല് സ്‌ഥാപിക്കലും നടക്കും. ഇന്നലെ പ്രതിഷേധം രൂക്ഷമായ പടിഞ്ഞാറേ കല്ലായി ഭാഗത്തു നിന്ന് ആവും ഇന്ന് നടപടികൾ തുടങ്ങുക.
ഇന്നലെ പ്രദേശവാസികളുടെ പ്രതിഷേധം കണക്കിലെടുത്ത് ഇവിടെ കല്ലിടൽ താൽക്കാലികമായി നിർത്തി വെച്ചിരുന്നു. അതേസമയം, മുൻകൂട്ടി അറിയിപ്പ് നൽകാതെ വീടുകളിൽ അതിരടയാള കല്ല് ഇട്ടതിനെതിരെ കോടതിയെ സമീപിക്കാനാണ് സമരക്കാരുടെ തീരുമാനം. അതിനിടെ മന്ത്രി സജി ചെറിയാന്റെ പരാമർശങ്ങളിൽ പ്രതിഷേധിച്ച് അദ്ദേഹത്തിന്റെ ഓഫിസിലേക്ക് ബിജെപി ഇന്ന് മാർച്ച് നടത്താനും തീരുമാനിച്ചിട്ടുണ്ട്.
ഇന്നലെയും സംസ്‌ഥാനത്തെ പലയിടങ്ങളിലും കല്ലിടലിനെതിരെ രൂക്ഷമായ പ്രതിഷേധമാണ് നടന്നത്. കോഴിക്കോട് കല്ല് പിഴുതെറിഞ്ഞ് സമരക്കാർ കല്ലായി പുഴയിൽ തള്ളിയിരുന്നു. കോട്ടയത്തും മലപ്പുറത്തും സമരക്കാർ ഉറച്ച നിലപാടിൽ നിന്നു. മലപ്പുറം തിരുനാവായയിൽ ജനങ്ങൾ സംഘടിച്ചു പ്ളക്കാർഡുമായി എത്തിയതിനെ തുടർന്ന് സർവേ മാറ്റിവെച്ചിരുന്നു. എറണാകുളം ചോറ്റാനിക്കരയിലും സർവേ നടപടികൾ ജനങ്ങളും സമര സമിതി പ്രവർത്തകരും ചേർന്ന് തടഞ്ഞു. കോട്ടയം നട്ടാശ്ശേരിയിലും സമാന രീതിയിൽ പ്രതിഷേധം നടന്നിരുന്നു.
Most Read: പിങ്ക് പോലീസ് പരസ്യവിചാരണ; സർക്കാർ അപ്പീൽ ഇന്ന് കോടതിയിൽ







































