കൊൽക്കത്ത: കേന്ദ്ര സർക്കാർ കൊണ്ടുവന്ന സൈനിക റിക്രൂട്ട്മെന്റ് പദ്ധതിയായ അഗ്‌നിപഥിന് എതിരെ പ്രതിഷേധം ശക്‌തമാകുന്നു. പദ്ധതി കൊണ്ടുവന്നതിൽ പ്രതിഷേധവുമായി എഴ് സംസ്‌ഥാനങ്ങളിലെ ഉദ്യോഗാർഥികൾ തെരുവിലിറങ്ങി. ബിഹാറിലെ ഭാബുവയിൽ പ്രതിഷേധക്കാർ ട്രെയിനിന് തീവെച്ചും ദേശീയ പാതകളിൽ തീയിട്ടുമാണ് പ്രതിഷേധിക്കുന്നത്. പട്നയിൽ രാജധാനി എക്സ്പ്രസ് തടഞ്ഞാണ് പ്രതിഷേധം നടത്തിയത്.
പോലീസും പ്രതിഷേധക്കാരും തമ്മിൽ പലയിടങ്ങളിലും ഏറ്റുമുട്ടുകയാണ്. പാസഞ്ചർ തീവണ്ടികൾ തടഞ്ഞുനിർത്തിയ ശേഷം യാത്രക്കാരെ വലിച്ച് പുറത്തിറക്കി ട്രെയിനിന് ഉദ്യോഗാർഥികൾ തീവച്ചു. അഗ്‌നിശമന വിഭാഗവും പോലീസുമെത്തി തീ കെടുത്താനുള്ള ശ്രമം തുടരുകയാണ്.
ഉദ്യോഗാർഥികളുടെ നേതൃത്വത്തിൽ തന്നെയാണ് എല്ലാ സംസ്‌ഥാനങ്ങളിലും കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധം തുടരുന്നത്. ഉത്തർ പ്രദേശിലും രാജസ്‌ഥാനിലും യുവാക്കൾ തെരുവിൽ ഇറങ്ങി പ്രതിഷേധിക്കുകയാണ്. ദേശീയ പാതയിൽ ടയറുകൾ കൂട്ടിയിട്ട് കത്തിച്ചുകൊണ്ടാണ് പ്രതിഷേധം നടത്തുന്നത്. വിവിധ ജില്ലകളിൽ റെയിൽ, റോഡ് ഗതാഗതം ആർമി ഉദ്യോഗാർഥികൾ തടഞ്ഞു. ജെഹാനാബാദ്, ബക്‌സർ, നവാഡ എന്നിവിടങ്ങളിൽ ട്രെയിനുകൾ തടഞ്ഞു. അറായിലെ റെയിൽവേ സ്‌റ്റേഷനിൽ പ്രതിഷേധിച്ചവർക്ക് നേരെ പോലീസ് കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിച്ചു.
മുൻഗറിലെ സഫിയാബാദിൽ പ്രതിഷേധക്കാർ പട്‌ന-ഭഗൽപൂർ പ്രധാന റോഡ് ഉപരോധിച്ചു. നവാഡയിലെ പ്രജാതന്ത്ര ചൗക്കിൽ നൂറുകണക്കിന് യുവാക്കൾ കേന്ദ്ര സർക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചു. ജെഹാനാബാദിൽ വിദ്യാർഥികൾ ഗയ-പട്‌ന റെയിൽവേ ട്രാക്ക് ഉപരോധിക്കുകയും റോഡിൽ ടയറുകൾ കത്തിച്ച് പ്രതിഷേധിക്കുകയും ചെയ്‌തു. ഇവിടെ പോലീസിന് നേരെ കല്ലേറുണ്ടായി.
Most Read: സംസ്‌ഥാനത്ത് സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌കരണത്തിന് തുടക്കം