ആലുവ: ഗാർഹിക പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത മോഫിയയുടെ മരണത്തിൽ ആരോപണ വിധേയനായ ആലുവ ഈസ്റ്റ് സിഐ സുധീറിനെതിരെ പ്രതിഷേധം ശക്തമാകുന്നു. സുധീരനെതിരെ നടപടി വൈകുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസും യുഡിഎഫും പ്രതിഷേധം ശക്തമാക്കി. യുവതിയുടെ ആത്മഹത്യാ കുറിപ്പിൽ പരാമർശമുള്ള സിഐ ബുധനാഴ്ചയും സ്റ്റേഷനിൽ ഡ്യൂട്ടിക്ക് എത്തിയതിനെ തുടർന്ന് രാവിലെ മുതൽ അൻവർ സാദത്ത് എംഎൽഎയുടെ നേതൃത്വത്തിൽ സ്റ്റേഷന് മുന്നിൽ ആരംഭിച്ച കുത്തിയിരിപ്പ് സമരം തുടരുകയാണ്. ബെന്നി ബെഹനാൻ എംപിയും സ്ഥലത്ത് എത്തിയിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട് എസ്പിയും ഡിഐജിയും സ്റ്റേഷനിൽ എത്തി. ഇതിനിടെ കോൺഗ്രസ് പ്രവർത്തകർ ഡിഐജിയുടെ വാഹനം തടഞ്ഞു. വാഹനത്തിന്റെ ആന്റിന കോൺഗ്രസ് പ്രവർത്തകർ ഒടിച്ചെടുത്തു. പ്രതിഷേധം വ്യാപകമായതോടെ പോലീസ് ഉദ്യോഗസ്ഥർ നേതാക്കളുമായി ചർച്ച നടത്തി വരികയാണ്. പോലീസ് സ്റ്റേഷന്റെ മുറ്റത്തും പരിസരത്തുമായി കോൺഗ്രസ്, മുസ്ലിം ലീഗ് പ്രതിഷേധം നടക്കുന്നുണ്ട്. മഹിളാ മോർച്ച പ്രവർത്തകരും റോഡ് ഉപരോധിച്ച് സമരം നടത്തുന്നുണ്ട്.
സിഐയിൽ നിന്ന് നേരിട്ട് വിശദീകരണം തേടാനാണ് ഡിഐജി സ്റ്റേഷനിൽ എത്തിയത് എന്നാണ് വിവരം. സിഐ സുധീറിനെ സ്റ്റേഷൻ ചുമതലകളിൽ നിന്ന് മാറ്റിയെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും അദ്ദേഹം ഇന്ന് ഡ്യൂട്ടിക്ക് എത്തിയതിനെ ചൊല്ലിയാണ് പ്രതിഷേധം കനത്തത്. സിഐക്കെതിരായ അന്വേഷണം പൂർത്തിയായിട്ടില്ലെന്ന് ആയിരുന്നു പോലീസിന്റെ വിശദീകരണം.
Also Read: ദത്ത് കേസ്; നടന്നത് മനുഷ്യക്കടത്ത്, പിന്നിൽ സിപിഎം ഗൂഢാലോചനയെന്ന് വിഡി സതീശൻ








































