തിരുവനന്തപുരം: ചോദ്യപ്പേപ്പറിൽ അതാത് ഭാഷയോടൊപ്പം ഇംഗ്ളീഷ് ഭാഷയിൽ കൂടി ചോദ്യം നൽകുന്ന കാര്യം സജീവ പരിഗണനയിൽ ഉണ്ടെന്ന് വ്യക്തമാക്കി പിഎസ്സി. മനുഷ്യാവകാശ കമ്മീഷനെയാണ് പിഎസ്സി ഇക്കാര്യം അറിയിച്ചത്. ചോദ്യപ്പേപ്പർ തമിഴിലേക്ക് തർജമ ചെയ്യുമ്പോൾ ഉണ്ടാകുന്ന പിഴവുകൾ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ഇംഗ്ളീഷിൽ കൂടി ചോദ്യങ്ങൾ നൽകാൻ ആലോചിക്കുന്നത്.
തമിഴ് ഭാഷയിലുള്ള ചോദ്യപ്പേപ്പറുകളിൽ അക്ഷരപിശകുകളും, തർജമ പിശകുകളും സംഭവിക്കുന്നുണ്ടെന്നും, ഇത് ജോലിക്കുള്ള അവസരം നഷ്ടമാക്കുന്നുണ്ടെന്നും വണ്ടിപ്പെരിയാർ സ്വദേശികളായ ഉദ്യോഗാർഥികൾ പരാതിപ്പെട്ടിരുന്നു. തുടർന്ന് ഈ പരാതിയിൽ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ മനുഷ്യാവകാശ കമ്മീഷൻ പിഎസ്സി സെക്രട്ടറിക്ക് നിർദ്ദേശം നൽകുകയും ചെയ്തു.
ചോദ്യപ്പേപ്പറുകളിൽ തർജമ പിശകുകൾ ഉണ്ടാകുന്നുണ്ടെന്ന് സമ്മതിച്ച പിഎസ്സി അതിന് പരിഹാരമായി ഇംഗ്ളീഷിൽ കൂടി ചോദ്യങ്ങൾ നൽകാൻ തീരുമാനിക്കുകയായിരുന്നു. മലയാളം, തമിഴ്, കന്നട ഭാഷകളിൽ നടത്തുന്ന പരീക്ഷകൾക്കാണ് ഇംഗ്ളീഷ് ചോദ്യങ്ങൾ കൂടി നൽകാൻ ആലോചിക്കുന്നത്.
Read also: വിഷു; ആദിവാസി ഊരുകളിൽ സഞ്ചരിക്കുന്ന റേഷൻ കടകൾ എത്തും







































