വയനാട്: പുൽപ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ വിജിലൻസ് സംഘം ഇന്ന് കുറ്റപത്രം സമർപ്പിക്കും. വിജിലൻസ് ഡിവൈഎസ്പി സിബി തോമസാണ് തലശേരി കോടതിയിൽ കുറ്റപത്രം സമർപ്പിക്കുക. പുൽപ്പള്ളി സഹകരണ ബാങ്കിലെ അംഗങ്ങളായ കർഷകർ ഉൾപ്പടെ ഉള്ളവരുടെ രേഖകൾ ഉപയോഗിച്ച് 2016ലെ ഭരണസമിതി കോടികളുടെ വായ്പാ തട്ടിപ്പ് നടത്തിയെന്നാണ് കേസ്.
തട്ടിപ്പ് കേസിൽ 2019ൽ ആണ് വിജിലൻസ് അന്വേഷണം പൂർത്തിയായത്. നാല് വർഷമായിട്ടും കുറ്റപത്രം സമർപ്പിക്കാതിരുന്നത് പ്രതികളെ സംരക്ഷിക്കാനാണെന്ന ആരോപണം ഉയർന്നിരുന്നു. എന്നാൽ, നടപടി ക്രമങ്ങളിലെ കാലതാമസമാണ് കുറ്റപത്രം വൈകാൻ ഇടയായതെന്നാണ് വിശദീകരണം. മുൻ ബാങ്ക് പ്രസിഡണ്ടായ കെപിസിസി ജനറൽ സെക്രട്ടറി കെകെ എബ്രഹാം ഉൾപ്പടെ പത്ത് പേരാണ് പ്രതിപ്പട്ടികയിലുള്ളത്.
ഭരണസമിതിയിൽ ഉൾപ്പെട്ട സജീവൻ കൊല്ലപ്പിള്ളിയാണ് ക്രമക്കേടിന്റെ മുഖ്യസൂത്രധാരൻ എന്നാണ് വിജിലൻസ് റിപ്പോട്ടിൽ പറയുന്നത്. ബാങ്ക് ലോൺ സെക്ഷൻ മേധാവി പിയു തോമസ്, മുൻ സെക്രട്ടറി കെടി രമാദേവി, ഭരണസമിതി അംഗങ്ങൾ ആയിരുന്ന ടിഎസ് കുര്യൻ, ജനാർദ്ദനൻ, ബിന്ദു കെ തങ്കപ്പൻ, സിവി വേലായുധൻ, സുജാത ദിലീപ്, വിഎം പൗലോസ് എന്നിവരാണ് മറ്റു പ്രതികൾ.
കേസിൽ കഴിഞ്ഞ ദിവസമാണ് മുൻ ബാങ്ക് പ്രസിഡണ്ടായ കെപിസിസി ജനറൽ സെക്രട്ടറി കെകെ എബ്രഹാമിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം പുലർച്ചെ ഒരുമണിക്കാണ് എബ്രഹാമിനെ പുൽപ്പള്ളിയിലെ വീട്ടിൽ നിന്ന് കസ്റ്റഡിയിൽ എടുത്തത്. വായ്പാ തട്ടിപ്പിലെ പരാതിക്കാരിലൊരാളായ രാജേന്ദ്രൻ നായർ ആത്മഹത്യ ചെയ്തതിനെ തുടർന്ന് വ്യാപക പ്രതിഷേധമുയർന്ന സാഹചര്യത്തിലാണ് എബ്രഹാമിനെ കസ്റ്റഡിയിൽ എടുത്തതും തുടർ നടപടികൾ വേഗത്തിലാക്കിയതും.
Most Read: ഗുസ്തി താരങ്ങൾക്ക് പിന്തുണ; തുടർ സമരപരിപാടികൾ ഇന്ന് പ്രഖ്യാപിക്കും