ന്യൂഡെൽഹി: ഗുസ്‌തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ സിംഗിനെതിരായ ലൈംഗീകാരോപണ കേസിൽ അറസ്‌റ്റ് ആവശ്യപ്പെട്ടുള്ള ഗുസ്‌തി താരങ്ങളുടെ തുടർ സമരപരിപാടികൾ ഇന്ന് പ്രഖ്യാപിക്കും. ഹരിയാനയിലെ കുരുക്ഷേത്രയിൽ ചേരുന്ന ഖാപ് മഹാപഞ്ചായത്തിൽ ആയിരിക്കും സമര പ്രഖ്യാപനം. പഞ്ചായത്തിൽ ഗുസ്‌തി താരങ്ങളും കുടുംബാംഗങ്ങളും പങ്കെടുക്കുമെന്നാണ് സൂചന.
കഴിഞ്ഞ ദിവസം ശോറാമിൽ ചേർന്ന ഖാപ് മഹാപഞ്ചായത്ത് യോഗത്തിൽ വിഷയം ചർച്ച ചെയ്‌തിരുന്നു. താരങ്ങൾ എന്ത് തീരുമാനം എടുത്താലും പൂർണപിന്തുണ ഉണ്ടാകുമെന്നും, ജയിക്കാതെ പിൻമാറില്ല എന്നുമാണ് ഖാപ് മഹാപഞ്ചായത്തിന്റെ നിലപാട്. അതേസമയം, അഞ്ചു ദിവസത്തെ സമയപരിധി അവസാനിക്കുന്ന ഈ മാസം നാലിനകം തീരുമാനം ഉണ്ടായില്ലെങ്കിൽ മെഡലുകൾ ഗംഗാ നദിയിൽ ഒഴുക്കുന്നതടക്കമുള്ള കടുത്ത സമര രീതികളിലേക്ക് കടക്കാനാണ് താരങ്ങളുടെ തീരുമാനം.
മെഡലുകൾ ഗംഗയിൽ എറിയാൻ ഹരിദ്വാറിൽ എത്തിയ താരങ്ങളെ കർഷക നേതാക്കൾ എത്തിയാണ് അനുനയിപ്പിച്ചു തീരുമാനത്തിൽ നിന്ന് പിന്തിരിപ്പിച്ചത്. അഞ്ചു ദിവസത്തിനകം അറസ്‌റ്റ് നടന്നില്ലെങ്കിൽ ഇതേ പ്രതിഷേധ മാർഗവുമായി തിരിച്ചു വരുമെന്ന് പ്രഖ്യാപിച്ചാണ് ഗുസ്‌തി താരങ്ങൾ മടങ്ങിയത്. അതേസമയം, അന്താരാഷ്‌ട്ര സംഘടനയായ യുണൈറ്റഡ് വേൾഡ് റസ്‌ലിങ്ങിന്റെ ഇടപെടലിനെ തുടർന്ന് കേന്ദ്ര സർക്കാറിന് മുകളിൽ സമ്മർദ്ദം ശക്‌തമായിരിക്കുകയാണ്. ഗുസ്‌തി താരങ്ങളുമായി ചർച്ചക്ക് സർക്കാർ നീക്കങ്ങൾ ആരംഭിച്ചുവെന്നാണ് വിവരം.
അതിനിടെ, ഗുസ്‌തി താരങ്ങളുടെ സമരത്തിൽ പ്രതികരണവുമായി ആരോപണവിധേയനായ ബ്രിജ് ഭൂഷൺ ശരൺ സിങ് രംഗത്തെത്തിയിരുന്നു. ‘താരങ്ങളുടെ മെഡലുകൾ രാജ്യത്തിന്റേതാണ്. അത് നദിയിൽ ഒഴുക്കരുത്. വിഷയത്തിൽ അന്വേഷണം നടക്കുകയാണ്. എന്തിനാണ് ഇത്ര തിടുക്കമെന്നും’ ബ്രിജ് ഭൂഷൺ ചോദിച്ചു. അന്വേഷണം പൂർത്തിയാകുന്നത് വരെ താരങ്ങൾ കാത്തിരിക്കണമെന്നാണ് കേന്ദ്ര കായിക മന്ത്രി അനുരാഗ് സിങ് ഠാക്കൂറും പ്രതികരിച്ചത്.
Most Read: കണ്ണൂർ ട്രെയിൻ തീവെപ്പ്; കസ്‌റ്റഡിയിലുള്ള ആളുടെ അറസ്‌റ്റ് രേഖപ്പെടുത്തിയേക്കും