വാഷിങ്ടൻ: യുഎസ് സമ്മർദ്ദത്തിന് പിന്നാലെ നയം മാറ്റവുമായി ഖത്തർ. ഹമാസ് നേതാക്കളോട് രാജ്യം വിടാൻ ഖത്തർ ആവശ്യപ്പെട്ടതായാണ് വിവരം. യുഎസ് ഉദ്യോഗസ്‌ഥരുമായി നടത്തിയ ചർച്ചകൾക്ക് ശേഷം ഏകദേശം പത്ത് ദിവസം മുമ്പാണ് അഭ്യർഥന നടത്തിയതെന്ന് ഒരു ഉദ്യോഗസ്‌ഥനെ ഉദ്ധരിച്ച് രാജ്യാന്തര മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു.
ദോഹയിലെ ഹമാസിന്റെ സാന്നിധ്യം ഇനി സ്വീകാര്യമല്ലെന്ന് യുഎസ് ഖത്തറിനെ അറിയിച്ചതായാണ് വിവരം. യുഎസിനും ഈജിപ്‌തിനുമൊപ്പം, ഗാസയിൽ ഒരുവർഷം നീണ്ടുനിന്ന സംഘർഷത്തിന് അറുതി വരുത്താനുള്ള ചർച്ചകളിൽ ഖത്തറും പങ്കാളിയായിരുന്നു. ഒക്‌ടോബർ മധ്യത്തിൽ നടന്ന ഏറ്റവും പുതിയ ചർച്ചകളിൽ ഹമാസ് ഹ്രസ്വകാല വെടിനിർത്തൽ പദ്ധതി നിരസിച്ചിരുന്നു.
ബന്ദികളെ മോചിപ്പിക്കാനുള്ള ആവർത്തിച്ചുള്ള നിർദ്ദേശങ്ങൾ നിരസിച്ച ഹമാസ് നേതാക്കളെ ഒരു അമേരിക്കൻ പങ്കാളിയുടെയും തലസ്‌ഥാനങ്ങളിലേക്ക് ഇനി സ്വാഗതം ചെയ്യേണ്ടതില്ലെന്നാണ് നിലപാടെന്ന് യുഎസിലെ ഒരു മുതിർന്ന ഉദ്യോഗസ്‌ഥൻ വാർത്താ ഏജൻസിയോട് പറഞ്ഞു.
മറ്റൊരു ബന്ദി മോചന നിർദ്ദേശം ആഴ്‌ചകൾക്ക് മുൻപ് ഹമാസ് നിരസിച്ചതിനെ തുടർന്നാണ് തങ്ങൾ ഖത്തറിനോട് നിലപാട് അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഹമാസിനോടുള്ള ആതിഥ്യം അവസാനിപ്പിക്കാൻ ഖത്തറിനോട് പറയണമെന്ന് ആവശ്യപ്പെട്ട് 14 റിപ്പബ്ളിക്കൻ യുഎസ് സെനറ്റർമാർ സ്‌റ്റേറ്റ് ഡിപ്പാർട്ട്മെന്റിന് കത്ത് നൽകിയിരുന്നു.
Most Read| സ്വപ്‌നങ്ങൾക്ക് നിറം പകർന്ന് അമ്മ; ട്രിപ്പിൾ ഗോൾഡ് മെഡൽ തിളക്കത്തിൽ അനഘ