ബത്തേരി: വയനാട്ടിലെ മൂലങ്കാവ് സർക്കാർ സ്കൂളിലെ പത്താം ക്ളാസ് വിദ്യാർഥി ശബരിനാഥിനെ (15) റാഗിങ്ങിന്റെ പേരിൽ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ആറ് വിദ്യാർഥികളെ പ്രതിചേർത്ത് പോലീസ് കേസെടുത്തു. അസഭ്യം പറയൽ, മർദ്ദനം, ആയുധം കൊണ്ട് പരിക്കേൽപ്പിക്കൽ തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
ബത്തേരി പോലീസാണ് കേസന്വേഷിക്കുന്നത്. അമ്പലവയൽ സ്വദേശിയായ ശബരിനാഥിനെ പരിചയപ്പെടാൻ എന്ന പേരിലാണ് ക്ളാസിൽ നിന്ന് വിളിച്ചിറക്കി കൊണ്ടുപോയത്. പിന്നാലെ ഒരു വിദ്യാർഥി കത്രിക ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. മുഖത്ത് രണ്ടു ഭാഗത്തും നെഞ്ചിലും കുത്തേറ്റു. ചെവിക്കും സാരമായ പരിക്കുണ്ട്. ഇന്നലെ ഉച്ചക്കായിരുന്നു സംഭവം.
സംഭവത്തിൽ കേസുമായി മുന്നോട്ട് പോകുമെന്ന് ശബരിനാഥിന്റെ അമ്മ സ്മിത കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ബത്തേരി താലൂക്ക് ആശുപത്രിയിൽ നിന്നും മതിയായ ചികിൽസ കിട്ടിയില്ലെന്നും അവിടെ നിന്ന് ഡിസ്ചാർജ് ചെയ്യാൻ സമ്മർദ്ദം വന്നുവെന്നും കുട്ടിയുടെ അമ്മ ആരോപിച്ചിരുന്നു. മെച്ചപ്പെട്ട ചികിസായ്ക്കായി ശബരിനാഥിനെ കൽപ്പറ്റ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
Most Read| 124 വയസ്! ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മുത്തച്ഛൻ പെറുവിലുണ്ട്







































