ന്യൂഡെൽഹി: ഉത്തർപ്രദേശിൽ സ്ത്രീകളെ ശല്യം ചെയ്തതിന് പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ പോലീസ് സ്റ്റേഷനിൽ അതിക്രമിച്ച് കയറി ബിജെപി എംഎൽഎയും മകനും മോചിപ്പിച്ച സംഭവത്തിൽ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി എംപി. ട്വിറ്ററിൽ സംഭവത്തിന്റെ വാർത്ത പങ്കുവച്ചുകൊണ്ടായിരുന്നു രാഹുലിന്റെ വിമർശനം. ബേട്ടി ബച്ചാവോയിൽ തുടങ്ങി ഇപ്പോൾ അപരാധി ബച്ചാവോയിൽ എത്തിയിരിക്കുന്നു എന്ന് രാഹുൽ ട്വീറ്റ് ചെയ്തു.
How it started: बेटी बचाओ
How it’s going: अपराधी बचाओ pic.twitter.com/N7IsfU7As5
— Rahul Gandhi (@RahulGandhi) October 18, 2020
ലഖിംപൂർ ഖേരിയിൽ നിന്നുള്ള ബിജെപി എംഎൽഎ ലോകേന്ദ്ര പ്രതാപ് സിങ്ങും മകനും അനുയായികളും ചേർന്നാണ് പോലീസ് സ്റ്റേഷനിൽ അതിക്രമിച്ചു കയറി പ്രതിയെ ബലമായി മോചിപ്പിച്ചത്. അർദ്ധരാത്രിയിൽ മുഹമ്മദി സ്റ്റേഷനിൽ അതിക്രമിച്ചു കയറി പോലീസുകാരെ കാഴ്ചക്കാരായി പ്രതിയെ ബലമായി മോചിപ്പിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ അടക്കം പുറത്തുവന്നിരുന്നു. പ്രതിയെ മോചിപ്പിക്കുന്നതിന് മുമ്പ് ബിജെപി എംഎൽഎ പോലീസുകാരെ ഭീഷണിപ്പെടുത്തുന്നതായി വീഡിയോയിൽ ഉണ്ട്.
Also Read: കൊലപാതകിക്ക് ‘നീതി’ തേടി ബിജെപി എംഎൽഎ; ഗൂഢാലോചന എന്ന് ആരോപണം
ലോക്കപ്പിന്റെ താക്കോല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പോലീസുകാരോട് ആവശ്യപ്പെടുന്നത് വീഡിയോയില്‍ വ്യക്തമാണ്. പോലിസുകാര്‍ കാഴ്ചക്കാരായി നില്‍ക്കുകയായിരുന്നു. ഇതിനിടെയാണ് എംഎല്‍എയും അനുയായികളും പ്രതിയെ മോചിപ്പിച്ച് കൊണ്ടുപോയത്.
ഹത്രസിൽ ക്രൂര ബലാൽസംഗത്തിന് ഇരയായി 19കാരി കൊല്ലപ്പെട്ട സംഭവത്തിൽ ബിജെപി സർക്കാരിനും പോലീസിനും എതിരെ വ്യാപക പ്രതിഷേധം നടക്കുന്നതിന് ഇടയിലാണ് എംഎൽഎയുടെ അതിക്രമം.








































