മുംബൈ: മഹാരാഷ്‌ട്ര നിയമസഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വോട്ടർപട്ടികയിൽ വൻതോതിൽ കൂട്ടിച്ചേർക്കൽ നടന്നതായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്‌തുകൊണ്ട് രാഹുൽ ചൂണ്ടിക്കാട്ടി.
ബെലഗാവിൽ നടന്ന പ്രവർത്തക സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ. വോട്ടർ പട്ടികയിൽ വൻതോതിൽ മാറ്റം സംഭവിച്ചു. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം 72 ലക്ഷം പുതിയ വോട്ടർമാരെയാണ് പുതിയതായി ചേർത്തത്. വോട്ടുകൾ ചോർത്തിയ 112 നിയമസഭാ മണ്ഡലങ്ങളിൽ 108ഉം ബിജെപി വിജയിച്ചു. എവിടെയോ എന്തോ കുഴപ്പമുണ്ടെന്ന് ഇതിൽ നിന്ന് വ്യക്‌തമാണെന്നും രാഹുൽ പറഞ്ഞു.
അതേസമയം, നേരത്തെ കോൺഗ്രസ് ഉന്നയിച്ച ആരോപണങ്ങൾക്ക് കഴിഞ്ഞ ദിവസം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി പറഞ്ഞിരുന്നു. മഹാരാഷ്‌ട്രയിലെ 50 നിയമസഭാ മണ്ഡലങ്ങളിൽ ശരാശരി 50,000 വോട്ടർമാരെ വീതം അധികമായി ചേർത്തെന്നായിരുന്നു കോൺഗ്രസിന്റെ ആരോപണം.
വോട്ടർ പട്ടികയിൽ നിർബന്ധിതമായി പേര് നീക്കം ചെയ്യലോ പേര് ചേർക്കലോ ഉണ്ടായിട്ടില്ല. വൈകുന്നേരം അഞ്ചിന് പുറത്തുവിട്ട വോട്ടെടുപ്പ് കണക്കും അന്തിമ കണക്കും താരതമ്യം ചെയ്യുന്നത് ശരിയല്ല. മഹാരാഷ്‌ട്രയിലെ 50 നിയമസഭാ മണ്ഡലങ്ങളിൽ ശരാശരി 50,000 വോട്ടർമാരെ വീതം അധികമായി ചേർത്തെന്ന കോൺഗ്രസിന്റെ ആരോപണം വഴിതെറ്റിക്കുന്നതും വസ്‌തുതാപ്പിഴവ് ഉള്ളതുമാണെന്നും കമ്മീഷൻ പ്രതികരിച്ചിരുന്നു.
ബിജെപിയും ശിവസേന ഷിൻഡെ പക്ഷവും എൻസിപി അജിത് പക്ഷവും ഉൾപ്പെടുന്ന മഹായുതി 288ൽ 234 സീറ്റുമായാണ് മഹാരാഷ്‌ട്രയിൽ ഭരണം നിലനിർത്തിയത്. എന്നാൽ, മഹാവിജയം നേടിയിട്ടും ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും ദിവസങ്ങൾ നീണ്ട രാഷ്‌ട്രീയ ചർച്ചകൾക്കും മുഖ്യമന്ത്രി ആരെന്ന സസ്‌പെൻസുകൾക്കും ഒടുവിലാണ് ഫഡ്‌നാവിസ് സർക്കാർ അധികാരത്തിലേറിയത്.
Most Read| വിദേശത്ത് നിന്ന് കൊച്ചിയിലേക്ക് പറന്നെത്തി ‘ഇവ’ എന്ന പൂച്ചക്കുട്ടി; കേരളത്തിലാദ്യം