തിരുവനന്തപുരം: നഗരത്തിലും മലയോര മേഖലകളിലും നാശം വിതച്ച് കനത്ത മഴ തുടരുന്നു. തിരുവനന്തപുരം ജില്ലയിൽ ഇന്ന് റെഡ് അലർട് പ്രഖ്യാപിച്ചു. നാളെ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. സംസ്‌ഥാനത്ത് ഇന്നും നാളെയുമായി മൽസ്യബന്ധനം നിരോധിച്ചു.
നാളെ ഏഴ് ജില്ലകളിലാണ് ഓറഞ്ച് അലർട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കാസർഗോഡ് എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റെല്ലാ ജില്ലകളിലും യെല്ലോ അലർട്ടുമാണ്.
വടക്കൻ തമിഴ്‌നാട് തീരത്തെ ന്യൂനമർദ്ദം അറബിക്കടലിലേക്ക് സഞ്ചരിക്കുന്നതാണ് തെക്കൻ കേരളത്തിൽ ഇപ്പോൾ മഴ തുടരുന്നതിന് കാരണം. ന്യൂനമർദ്ദം അറബിക്കടലിൽ എത്തും വരെ കനത്ത മഴക്ക് സാധ്യതയുണ്ട്.
തെക്ക് കിഴക്കൻ അറബികടലിലും വടക്കൻ തമിഴ്‌നാടിനു മുകളിലും ചക്രവാതചുഴി നിലനിൽക്കുന്നുണ്ട്. ഇതിനാൽ പടിഞ്ഞാറൻ കാറ്റ് ശക്‌തി പ്രാപിച്ചിരിക്കുകയാണ്. ഇതിന്റെ സ്വാധീനത്താൽ കേരളത്തിൽ അടുത്ത രണ്ടു ദിവസം ഒറ്റപ്പെട്ട ശക്‌തമായ മഴക്ക് സാധ്യതയുണ്ട്. തെക്കൻ കേരളത്തിൽ അതിശക്‌ത മഴക്കുള്ള സാധ്യതയാണ് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്.
മഴ മുന്നറിയിപ്പിന്റെ പശ്‌ചാത്തലത്തിൽ മലയോര മേഖലയിലും തീരപ്രദേശത്തുമുള്ളവർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു.
അതേസമയം, ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു. ഇത് ശക്‌തിപ്രാപിച്ച് അറബിക്കടലിലേക്ക് നീങ്ങുമെന്നാണ് പ്രവചനം.
ബംഗാൾ ഉൾക്കടലിൽ തെക്ക് ആൻഡമാൻ കടലിൽ തായ്‌ലൻഡ് തീരത്തിനോട് ചേർന്ന് ഇന്ന് രാവിലെ 8.30നാണ് ന്യുനമർദ്ദം രൂപപ്പെട്ടത്. ന്യൂനമർദ്ദം പടിഞ്ഞാറ് – വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് ശക്‌തി പ്രാപിച്ചു നവംബർ 15ഓടെ വടക്കു ആൻഡമാൻ കടലിലും തെക്കു-കിഴക്കു ബംഗാൾ ഉൾക്കടലിലുമായി തീവ്ര ന്യുന മർദ്ദമായി ശക്‌തി പ്രാപിക്കാൻ സാധ്യതയുണ്ട്. തുടർന്ന് പടിഞ്ഞാറ്, വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു ശക്‌തി പ്രാപിച്ച് അടുത്ത 48 മണിക്കൂറിനുള്ളിൽ ആന്ധ്രാ തീരത്തു പ്രവേശിക്കാനാണ് സാധ്യത.
Most Read: ഡെൽഹി വായു മലിനീകരണം; കർഷകരെ പഴിച്ച് കേന്ദ്രം; വിമർശിച്ച് സുപ്രീം കോടതി







































