ന്യൂഡെൽഹി: കേരളത്തിലെ മൂന്ന് സീറ്റുകളിലേക്കുള്ള രാജ്യസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ജൂൺ 25നാണ് തിരഞ്ഞെടുപ്പ്. എംപിമാരായ ബിനോയ് വിശ്വം (സിപിഐ), എളമരം കരീം (സിപിഎം), ജോസ് കെ മാണി (കേരള കോൺഗ്രസ് എം) എന്നിവരുടെ സീറ്റുകളിലാണ് തിരഞ്ഞെടുപ്പ്.
മൂവരുടെയും കാലാവധി ജൂലൈ ഒന്നിന് അവസാനിക്കും. തിരഞ്ഞെടുപ്പ് വിജ്ഞാപനം ജൂൺ ആറിന് പുറപ്പെടുവിക്കും. ജൂൺ 13 വരെ പത്രിക സമർപ്പിക്കാം. മഹാരാഷ്ട്രയിൽ പ്രഫുൽ പട്ടേൽ രാജിവെച്ച ഒഴിവിലേക്കും തിരഞ്ഞെടുപ്പ് നടക്കും.
അതേസമയം, എൽഡിഎഫിലെ ഒരു ഘടകകക്ഷിക്ക് ലഭിക്കുന്ന രാജ്യസഭാ സീറ്റിലേക്ക് സിപിഐയും കേരള കോൺഗ്രസും (എം) ഉൾപ്പടെ പരസ്യമായി അവകാശവാദം ഉന്നയിച്ചതോടെ തർക്കം മുന്നണിക്ക് തലവേദനയായി. രാജ്യസഭാ സീറ്റിന്റെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യേണ്ടെന്നാണ് കേരള കോൺഗ്രസിന്റെ തീരുമാനം. സിപിഐയുടെ സീറ്റ് സിപിഐക്ക് തന്നെയെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും നിലപാടെടുത്തു.
Most Read| മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട്; കേന്ദ്രത്തിന്റെ നിർണായക യോഗം നാളെ





































