തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് സാഹചര്യം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കാണും. കോവിഡ് വ്യാപനം തടയുന്നതിന് ആവശ്യമായ നിര്‍ദേശങ്ങള്‍ സമർപ്പിക്കുന്നതിനാണ് പ്രതിപക്ഷ നേതാവിന്റെ സന്ദർശനം.
രാവിലെ പതിനൊന്നരയോടെയാണ് രാജ്ഭവനില്‍ കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചികിൽസ, പ്രതിരോധം, ഗവേഷണം, ക്രൈസിസ് മാനേജ്മെന്റ് എന്നിങ്ങനെ 4 മേഖലകളായി തിരിച്ചുള്ള 14 ഇന നിര്‍ദേശങ്ങള്‍ അടങ്ങിയ കത്ത് ഇന്നലെ പ്രതിപക്ഷ നേതാവ് ചീഫ് സെക്രട്ടറിക്ക് സമര്‍പ്പിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്ന് ഗവര്‍ണറുമായും കൂടിക്കാഴ്ച നടത്തുന്നത്.
ആരോഗ്യമേഖലയിലെയും മറ്റും വിദഗ്ധരുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് നിർദേശങ്ങൾക്ക് രൂപം നൽകിയത്. രോഗ പ്രതിരോധത്തിന് തദ്ദേശ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തണമെന്നും കോവിഡിന് എതിരെയുള്ള പോരാട്ടത്തിൽ അവരുടെ പങ്കാളിത്തം ഉറപ്പാക്കണമെന്നും ചെന്നിത്തല നിർദേശിച്ചിരുന്നു.
Read also: തൃശൂർ പൂരം; അന്തിമ തീരുമാനത്തിന് ഇന്ന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ യോഗം







































