തൃശൂര്‍: കോണ്‍ഗ്രസ് പുറത്തിറക്കിയ സ്‌ഥാനാർഥി പട്ടികയില്‍ ഒരു പ്രശ്‌നവും ഇല്ലെന്ന് ആലത്തൂര്‍ എംപി രമ്യാ ഹരിദാസ്. സ്‌ത്രീകള്‍ക്ക് പട്ടികയില്‍ പ്രാതിനിധ്യം കിട്ടിയില്ലെന്ന് വിലയിരുത്താന്‍ കഴിയില്ലെന്നും അവർ തൃശൂരിൽ പറഞ്ഞു.
സ്‌ഥാനാർഥി പട്ടികയില്‍ സ്‌ത്രീ പ്രാതിനിധ്യം കുറവാണെന്ന് അഭിപ്രായം ഇല്ല. ജയസാധ്യത നോക്കിയാണ് സ്‌ഥാനാർഥികളെ തീരുമാനിച്ചതെന്നും രമ്യാ ഹരിദാസ് പ്രതികരിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിന് പിന്നാലെ ലതികാ സുഭാഷ് തലമുണ്ഡനം ചെയ്‌ത് പ്രതിഷേധിച്ചതിന്റെ പശ്‌ചാത്തലത്തില്‍ ആണ് രമ്യാ ഹരിദാസിന്റെ പ്രസ്‌താവന.
അത്തരത്തില്‍ പ്രതിഷേധിക്കേണ്ട സാഹചര്യമുള്ള പട്ടിക അല്ലെന്ന് രമ്യാ ഹരിദാസ് അഭിപ്രായപ്പെട്ടു. ലതികാ സുഭാഷ് പ്രകടിപ്പിച്ചത് സ്വന്തം വികാരമാണ്. അവർ സ്വതന്ത്ര സ്‌ഥാനാർഥിയാകും എന്നു വിശ്വസിക്കുന്നില്ല. ഇത് സംബന്ധിച്ച വാര്‍ത്തകള്‍ മാദ്ധ്യമ സൃഷ്‌ടി ആണെന്നും രമ്യാ ഹരിദാസ് കൂട്ടിച്ചേർത്തു.
സ്‌ഥാനാർഥി പട്ടികയിൽ പേരില്ലെന്ന് വ്യക്‌തമായതോടെ ആണ് ലതികാ സുഭാഷ് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സ്‌ഥാനം രാജിവെക്കുകയും ഇന്ദിരാഭവന് മുന്നിൽ വെച്ച് തലമുണ്ഡനം ചെയ്‌ത് പ്രതിഷേധിക്കുകയും ചെയ്‌തത്.
അനുനയിപ്പിക്കാൻ എത്തിയ എംഎം ഹസനോട് 15 വയസുള്ള കുട്ടിയല്ലല്ലോ താൻ എന്ന ചോദ്യമാണ് ലതിക ഉന്നയിച്ചത്. തന്റെ പ്രതിഷേധം ആരോടുമുള്ള പോരല്ലെന്നും മറ്റൊരു പാർട്ടിയിലും പോകാൻ ഉദ്ദേശിക്കുന്നില്ലെന്നും ലതിക പറഞ്ഞു. മറ്റ് കാര്യങ്ങളെ കുറിച്ച് അടുപ്പമുള്ള പാർട്ടി പ്രവർത്തകരുമായി ആലോചിച്ച ശേഷമാകും തീരുമാനമെടുക്കുക എന്നും ലതിക വ്യക്‌തമാക്കിയിരുന്നു.
Also Read: ഡിജിറ്റൽ കറൻസികളുടെ വിനിമയം പൂർണമായും നിരോധിക്കില്ല; നിർമല സീതാരാമൻ