ന്യൂഡെൽഹി: പശ്‌ചിമേഷ്യൻ യുദ്ധം മൂലമുള്ള പ്രതിസന്ധി സാഹചര്യത്തിനിടയിലും പലിശഭാരം ഉയർത്താതെ പുതിയ പണനയം പ്രഖ്യാപിച്ച് റിസർവ് ബാങ്ക്. റിപ്പോ നിരക്ക് 5.25 ശതമാനത്തിൽ തുടരും. അടുത്ത രണ്ടുമാസത്തേക്ക് ഭവന, വാഹന, വ്യക്‌തിഗത വായ്‌പകളുടെ പലിശ നിരക്കിലും മാറ്റമുണ്ടാകില്ല.
പുതുതായി വായ്‌പ തേടുന്നവർക്കും ഇത് നേട്ടമാണ്. പലിശനിരക്ക് നിലനിർത്താനുള്ള ആറംഗ എംപിസിയുടെ തീരുമാനം ഏകകണ്‌ഠമായിരുന്നു. സാഹചര്യങ്ങൾക്ക് അനുസരിച്ച് പലിശനിരക്ക് കൂട്ടുകയോ കുറയ്‌ക്കുകയോ ചെയ്യാൻ എംപിസിക്ക് സ്വാതന്ത്രം നൽകുന്ന ന്യൂട്രൽ സ്‌റ്റാൻസ് തുടരാനും തീരുമാനിച്ചതായി റിസർവ് ബാങ്ക് ഗവർണർ സഞ്‌ജയ് മൽഹോത്ര പറഞ്ഞു.
അതേസമയം, സാഹചര്യങ്ങൾ കൃത്യമായി നിരീക്ഷിക്കുമെന്നും അതിന് അനുസരിച്ച് പണനയം നിർണയിക്കുമെന്നും മൽഹോത്ര വ്യക്‌തമാക്കി. സംഘർഷവും ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർധനയും ഹോർമുസ് തടസവും ആഗോള സമ്പദ് വ്യവസ്‌ഥയെ ഇടിവിന്റെ റിസ്‌കിൽ ആക്കിയിട്ടുണ്ടെന്നും ഗവർണർ പറഞ്ഞു.
ഫെബ്രുവരി ആറിന് നടന്ന എംപിസി യോഗത്തിലും റിപ്പോ നിരക്ക് വർധിപ്പിച്ചിരുന്നില്ല. 2025 ഫെബ്രുവരി മുതൽ നാല് എംപിസി യോഗങ്ങളിലായി ആകെ 1.25 ശതമാനമാണ് പലിശ കുറച്ചത്. ഡിസംബറിലെ യോഗത്തിൽ റിപ്പോ നിരക്ക് 0.25% കുറച്ച് സാധാരണക്കാർക്കും സാമ്പത്തിക ലോകത്തിനും ആശ്വാസം നൽകിയിരുന്നു.
Most Read| സകല ക്ഷേത്രങ്ങളും പൂജകളും ചരിത്രവും ഇനി ഒരൊറ്റ ക്ളിക്കിൽ








































