ന്യൂഡെൽഹി: ഇന്ത്യയിൽ ഇരുചക്ര വാഹന വിൽപ്പന മികച്ച നിലയിലെന്ന് റിപ്പോർട്. 2024 ഏപ്രിൽ മുതൽ സെപ്‌തംബർ വരെയുള്ള കാലയളവിൽ 1,01,64,980 ഇരുചക്ര വാഹനങ്ങൾ രാജ്യത്ത് വിൽപ്പന നടത്തിയെന്നാണ് ഓട്ടോ കാർ പ്രൊഷണൽ റിപ്പോർട്ടിൽ പറയുന്നത്.
മോട്ടോർ സൈക്കിളുകൾ, സ്‌കൂട്ടറുകൾ, മോപ്പഡുകൾ എന്നിവയുടെ വിൽപ്പന ഈ കാലയളവിൽ 16 ശതമാനം വർധിച്ചു. ഒരു സാമ്പത്തിക വർഷത്തിന്റെ ആദ്യപകുതി പിന്നിടുമ്പോൾ തന്നെ ഇത്തരമൊരു നേട്ടം ഇന്ത്യൻ വാഹന വിപണി സ്വന്തമാക്കുന്നത് ആറ് വർഷങ്ങൾക്ക് ശേഷമാണ്. 2019 സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിലായിരുന്നു ഇതിനുമുമ്പ് പത്ത് ദശലക്ഷം യൂണിറ്റ് വിൽപ്പന കടന്നത്.
2019 സാമ്പത്തിക വർഷത്തിലെ 1,15,68,498 യൂണിറ്റിലാണ് അവസാനമായി ഇത്രയും വലിയ സംഖ്യ കൈവരിച്ചത്. ആ സാമ്പത്തിക വർഷത്തിലെ മൊത്തവ്യാപാരം 21 ദശലക്ഷം യൂണിറ്റ് ഇരുചക്ര വാഹനങ്ങളായിരുന്നു. 2019 സാമ്പത്തിക വർഷത്തിലെ മൊത്ത വിൽപ്പനയുടെ 48 ശതമാനവും 2024ലെ മൊത്ത വിൽപനയുടെ 56 ശതമാനവും 2024-25 സാമ്പത്തിക വർഷത്തിന്റെ ഈ ആദ്യപകുതിയിൽ തന്നെ നടന്നുകഴിഞ്ഞു.
ഇരുചക്ര വാഹന വിപണിയിലെ മൂന്ന് ഉപവിഭാഗങ്ങളും ഇരട്ട അക്ക വളർച്ച രേഖപ്പെടുത്തി. മോട്ടോർ സൈക്കിളുകൾ 16.31%, സ്‌കൂട്ടറുകൾ 22%, മോപ്പഡുകൾ 16.55% എന്നിങ്ങനെ വളർച്ച കൈവരിച്ചു. ഹീറോയും ഹോണ്ടയും തമ്മിലുള്ള വിൽപ്പനയിലെ അന്തരം ഒരുവർഷം മുമ്പുണ്ടായിരുന്ന 475,126 യൂണിറ്റിൽ നിന്ന് 59,247 യൂണിറ്റായി കുറഞ്ഞു.
ഒന്നാം നമ്പർ വിൽപ്പനക്കാരും രണ്ടാം സ്‌ഥാനക്കാരും തമ്മിലുള്ള പോരാട്ടവും ശ്രദ്ധേയമാണ്. 2.94 ദശലക്ഷം യൂണിറ്റുകളുള്ള ഹീറോ മോട്ടോകോർപ്പ് പത്ത് ശതമാനം വാർഷിക വളർച്ച രേഖപ്പെടുത്തുകയും 28.92% ഇരുചക്ര വാഹനവിപണി വിഹിതം നേടുകയും ചെയ്‌തപ്പോൾ, 2.88 ദശലക്ഷം യൂണിറ്റുകളുള്ള ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ 31% വാർഷിക വർധനയും 28.34% വിപണി വിഹിതവും നേടി.
രാജ്യത്തെ മികച്ച ആറ് ടൂവീലർ നിർമാതാക്കളും തമ്മിൽ താരതമ്യപ്പെടുത്തുമ്പോൾ ഈ സാമ്പത്തിക വർഷത്തിൽ മികച്ച പ്രകടനം നടത്തിയത് ഹോണ്ടയാണ്. 675,355 സ്‌കൂട്ടറുകളും ബൈക്കുകളുമാണ് ഹോണ്ട വിറ്റത്. ഹീറോ മോട്ടോകോർപ്പ് 259,476, ടിവിഎസ് മോട്ടോർ കമ്പനി 226,963, ബജാജ് ഓട്ടോ 174,341, സുസുക്കി മോട്ടോർ സൈക്കിൾ ഇന്ത്യ 71,962 എന്നിങ്ങനെയാണ് കണക്കുകൾ.
Most Read| സ്വയം വളരും, രൂപം മാറും; ജീവനുള്ള കല്ലുകൾ ഭൂമിയിൽ!