28 വർഷത്തെ അഭിനയജീവിതത്തിന് ഒടുവിൽ ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്യുന്ന ‘പണി’ ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ട് അണിയറ പ്രവർത്തകർ. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാണാൻ കാത്തിരിക്കുന്ന ചിത്രം ഈ മാസം 24ന് തിയേറ്ററുകളിൽ എത്തും.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പ്രദർശനത്തിന് എത്തുന്നുണ്ട്. അസാമാന്യ അഭിനയത്തിലൂടെ പ്രേക്ഷകരെ എന്നും ഞെട്ടിക്കുന്ന താരമാണ് ജോജു ജോർജ്. അഭിനയത്തിലൂടെ ഒരുപിടി നല്ല സിനിമകൾ തന്ന ജോജു സംവിധാനം ചെയ്യുന്ന സിനിമയെന്ന നിലയിൽ, ‘പണി’ പ്രേക്ഷകർ അക്ഷമരായി കാത്തിരിക്കുന്ന ചിത്രമാണ്.
ജോജു തന്നെ രചനയും നിർവഹിക്കുന്ന സിനിമ ഒരു മാസ്, ത്രില്ലർ, റിവഞ്ച് ജോണറിൽ ആണ് ഒരുക്കിയത്. പുറത്തുവിട്ട പോസ്‌റ്ററും ‘ഗിരി ആൻഡ് ഗൗരി ഫ്രം പണി’ എന്ന ക്യാപ്‌ഷനിൽ എത്തിയ നായികാനായകൻമാരുടെ ചിത്രങ്ങളും സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. സിനിമയിലെ പ്രധാന കഥാപാത്രവും ജോജു ജോർജ് തന്നെയാണ്. അഭിനയ ആണ് നായികയായി എത്തുന്നത്.
ബിഗ്‌ബോസ് താരങ്ങളായ സാഗർ, ജുനൈസ് എന്നിവരും ഗായിക അഭയ ഹിരൺമയി, പ്രശാന്ത് അലക്‌സ്, സുജിത് ശങ്കർ തുടങ്ങി വൻ താരനിരയും, കൂടാതെ അറുപതോളം പുതിയ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന സിനിമയുടെ ഷൂട്ട് 110 ദിവസത്തോളം നീണ്ടുനിന്നിരുന്നു.
ജോജുവിന്റെ തന്നെ നിർമാണ കമ്പനിയായ അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്റെയും, എഡി സ്‌റ്റുഡിയോസിന്റെയും, ശ്രീ ഗോകുലം മൂവീസിന്റെയും ബാനറിൽ എം റിയാദ് ആദം, സിജോ വടക്കൻ എന്നിവർ ചേർന്നാണ് നിർമാണം. വിഷ്‌ണു വിജയ്, സാം സിഎസ് എന്നിവരാണ് സംഗീതം. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്.
ക്യാമറ- വേണു ഐഎസ്‌സി, ജിന്റോ ജോർജ്, എഡിറ്റർ- മനു ആന്റണി, പ്രൊഡക്ഷൻ ഡിസൈൻ- സന്തോഷ് രാമൻ, സ്‌റ്റൻഡ്- ദിനേശ് സുബ്ബരായൻ, കോസ്‌റ്റ്യൂം- സമീറ സനീഷ്, മേക്ക്അപ്- റോഷൻ എൻജി, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, പിആർഒ- ആതിര ദിൽജിത്ത് എന്നിവരാണ് ചിത്രത്തിന്റെ മറ്റു അണിയറ പ്രവർത്തകർ.
28 വർഷത്തെ അഭിനയ ജീവിതം ജോജുവിനെ സംബന്ധിച്ചിടത്തോളം അവിസ്‌മരണീയമാണ്. ജൂനിയർ ആർട്ടിസ്‌റ്റായും സഹനടനായും നായകനായും തിളങ്ങി നിന്ന ജോജു, സംവിധായകനിലേക്ക് മാറുമ്പോൾ അപൂർവ നേട്ടങ്ങളാണ് സ്വന്തം പേരിലാക്കിയിരിക്കുന്നത്. കാർത്തിക് സുബ്ബരാജ്- സൂര്യ കോംബോ, കമൽഹാസൻ എന്നിവർക്കൊപ്പമുള്ള തമിഴ് ചിത്രത്തിന് പുറമെ അനുരാഗ് കശ്യപിന്റെ ബോളിവുഡ് ചിത്രത്തിലൂടെ പാൻ ഇന്ത്യൻ ലെവലിലേക്ക് ഉയരുന്ന മലയാളി താരം കൂടിയാണ് ജോജു ജോർജ്.
Most Read| സ്വയം വളരും, രൂപം മാറും; ജീവനുള്ള കല്ലുകൾ ഭൂമിയിൽ!